| Saturday, 5th August 2023, 10:23 pm

'നെയ്മറായിരുന്നു മാന്‍ ഓഫ് ദി മാച്ച്, പക്ഷേ തലക്കെട്ടുകളില്‍ വന്നത് മെസി; അതിന് ആഗ്രഹമില്ലാത്തതിനാല്‍ അവന്‍ ബാഴ്‌സ വിട്ടു'

സ്പോര്‍ട്സ് ഡെസ്‌ക്

2017ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കറ്റാലന്‍മാരോട് വിടപറയുന്നത്. ലീഗ് വണ്‍ വമ്പന്‍മാരായ പി.എസ്.ജിയുടെ തട്ടകത്തിലേക്കാണ് നെയ്മര്‍ ചുവടുമാറ്റിയത്. 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകയ്ക്കായിരുന്നു പാരീസ് സെന്റ് ഷെര്‍മാങ് നെയ്മറിനെ സ്വന്തമാക്കിയത്.

നെയ്മര്‍ ടീം വിടാനുള്ള ഒരു കാരണം മെസിയാണെന്ന് താന്‍ കരുതുന്നുവെന്ന് പറയുകയാണ് ഫുട്‌ബോള്‍ ഏജന്റായ ആന്ദ്രേ കറി. 2016-17 സീസണിലെ ബാഴ്‌സലോണ – പി.എസ്.ജി മത്സരത്തിന് പിന്നാലെയാണ് താരം ടീം വിടുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സ ടൈംസിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എന്തുകൊണ്ടാണ് നെയ്മര്‍ ടീം വിട്ടത്? പി.എസ്.ജിക്കെതിരായ 6-1 എന്ന വിജയത്തിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. നെയ്മറായിരുന്നു മാന്‍ ഓഫ് ദി മാച്ച്. എന്നാല്‍ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നതത്രെയും മെസിയായിരുന്നു. നെയ്മറിന് മെസിയെ ഒരുപാട് ഇഷ്ടമാണ്. ഇക്കാരണം കൊണ്ടുതന്നെ മെസിയുമായി മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

പി.എസ്.ജിയിലേക്ക് മാറുന്നത് ഏറ്റവും വിലയ തെറ്റാണെന്നും രണ്ട് മാസത്തിനകം അവന് തിരിച്ചുവരേണ്ടി വന്നേക്കുമെന്നും നെയ്മറിന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും സാധ്യമാകുമായിരുന്നില്ല,’ കറി പറഞ്ഞു.

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായിരുന്നു ആ മത്സരത്തില്‍ നെയ്മറിലൂടെ ബാഴ്‌സ നടത്തിയത്. റൗണ്ട് ഓഫ് സിക്‌സറ്റീനിലാണ് ഇരുവരും ഏറ്റുമുട്ടിയത്.

പി.എസ്.ജിയുടെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബാഴ്‌സ പരാജയപ്പെട്ടത്. പി.എസ്.ജിക്കായി ഏയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ എഡിസണ്‍ കവാനിയും ജൂലിയന്‍ ഡ്രാക്സ്ലറും ഓരോ ഗോള്‍ വീതമടിച്ച് പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

കാമ്പ് നൗവില്‍ നടന്ന രണ്ടാം പാദ മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ സുവാരസിലൂടെ ബാഴ്‌സ ലീഡ് നേടിയിരുന്നു. 40ാം മിനിട്ടില്‍ ലഭിച്ച സെല്‍ഫ് ഗോളില്‍ ലീഡ് ഇരട്ടിയാക്കിയ ബാഴ്‌സ 50ാം മിനിട്ടില്‍ മെസിയുടെ പെനാല്‍ട്ടി ഗോളിലൂടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

62ാം മിനിട്ടില്‍ കവാനിയിലൂടെ പി.എസ്.ജി തിരിച്ചടിച്ചു. അഗ്രഗേറ്റ് സ്‌കോറില്‍ രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കവെ 88ാം മിനിട്ടിലും 91ാം മിനിട്ടിലും ഗോള്‍ നേടി നെയ്മര്‍ ബാഴ്‌സുടെ രക്ഷകനായി. 95ാം മിനിട്ടില്‍ സെര്‍ജി റോബര്‍ട്ടോയുടെ ഗോളിലൂടെ രണ്ടാം പാദ മത്സരം 6-1 എന്ന സ്‌കോറിലും മാച്ച് 6-5 എന്ന മാര്‍ജിനിലും ബാഴ്‌സ സ്വന്തമാക്കി.

Content highlight: Agent Andre Curry about Neymar’s transfer from Barcelona

We use cookies to give you the best possible experience. Learn more