ന്യൂദല്‍ഹി: ബാര്‍ക്ക് റേറ്റിങ്ങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍. മൂന്ന് മാസത്തേക്കാണ് ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് ബാര്‍ക്ക് അറിയിച്ചത്. ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് പുറത്തുവിടുന്നതാണ് നിര്‍ത്തിവെച്ചത്.
റിപ്പബ്ലിക്ക് ടി.വിയുടെ ടെലിവിഷന്‍ റേറ്റിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയവെയാണ് മൂന്ന് മാസത്തേക്ക് ടെലിവിഷന്‍ റേറ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടില്ലെന്ന് ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. തീരുമാനത്തെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.
ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.
ടി.ആര്‍.പി റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടി. വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഗോസ്വാമിക്കെതിരായി മുംബൈ പൊലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. ബോംബെ ഹൈക്കോടതിയില്‍ ഉറപ്പായും വിശ്വാസം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോംബെ ഹൈക്കോടതി നില്‍ക്കുന്ന ഫ്ളോറ ഫൗണ്ടേഷന് സമീപത്തെ വോര്‍ളിയിലാണ് റിപ്പബ്ലിക് ടിവിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Agency To Pause News Channel Ratings To Review System Amid Ratings Row