ജെനിനില്‍ മെഡിക്കല്‍ സഹായങ്ങള്‍ക്ക് ഇസ്രഈല്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ആശങ്കറിയിച്ച് ഏജന്‍സികള്‍
World News
ജെനിനില്‍ മെഡിക്കല്‍ സഹായങ്ങള്‍ക്ക് ഇസ്രഈല്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ആശങ്കറിയിച്ച് ഏജന്‍സികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th July 2023, 11:40 pm

ജറുസലേം: അധിവനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ ഇസ്രഈല്‍ കൊണ്ടുവന്ന മെഡിക്കല്‍ സഹായങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ആശങ്കയറിയിച്ച് ഏജന്‍സികള്‍. ജെനിനില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രഈല്‍ ആക്രമണത്തിലും അവര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

‘ ജെനിനില്‍ ആകാശത്തിലൂടെയും നേരിട്ടും നടക്കുന്ന അക്രമണങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ജനസാന്ദ്രമായ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന അക്രമണവും ഞങ്ങളില്‍ ആശങ്കയുളവാക്കുന്നു,’ ഐക്യരാഷ്ട്ര സഭയുടെ ഹ്യുമാനിറ്റേറിയന്‍ ഓഫീസ് വക്താവ് വനെസ്സ ഹുഗ്വേനിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മൂന്ന് കുട്ടികളും ഇരയായിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 10 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ ഇസ്രഈല്‍ സേനയുടെ നിയന്ത്രണം കാരണം ആദ്യം വന്നവര്‍ക്കൊന്നും ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റവരെ കൊണ്ടുവരാന്‍ സാധിച്ചില്ല,’ ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്ത്യന്‍ ലിന്‍ഡ്മിയര്‍ പറഞ്ഞു.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് റോഡുകള്‍ തകര്‍ത്തത് കൊണ്ട് തന്നെ ആംബുലന്‍സുകള്‍ക്ക് ക്യാമ്പുകളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ലെന്ന് ജെനിനിലെ ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് (Medicines Sans Frontiers- MSF) സംഘടനയുടെ ഓപ്പറേഷന്‍ കോര്‍ഡിനേറ്ററായ ജോവന അര്‍സെനിജെവിക് അല്‍ജസീറയോട് പറഞ്ഞു.

അതുകൊണ്ട് തന്നെ പല രോഗികളും നടന്നാണ് എം.എസ്.എഫ് സ്റ്റാഫുകളെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.

‘ മിക്ക പരിക്കുകളും നിസാരമായിരുന്നു. പലര്‍ക്കും പരിക്കേറ്റത് കണ്ണീര്‍ വാതകം മൂലമാണ്. എന്നാലും സ്ഥിതി അല്‍പം വഷളായിരുന്നു. കഴിഞ്ഞ ആറ് മാസമായി അത്ഭുതപൂര്‍വമായ അക്രമങ്ങളാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജെനിനിനെ അത്യാഹിത വിഭാഗങ്ങള്‍ക്ക് സഹായകമാകുകയാണ് ഞങ്ങള്‍ ചെയ്യുന്നത്,’ അര്‍സെനിജെവിക് പറഞ്ഞു.

1948ല്‍ ഇസ്രഈല്‍ രാഷ്ട്രം രൂപീകൃതമായപ്പോള്‍ അവിടെ നിന്നും പിന്തള്ളപ്പെട്ട പിന്‍ഗാമികളായ 20000ത്തിലധികം ഫലസ്തീനികളാണ് ഈ ക്യാമ്പില്‍ താമസിക്കുന്നതെന്ന് അല്‍ ജസീറ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ബാങ്ക് നഗരമായ ജെനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. ഡ്രോണ്‍ ആക്രമണങ്ങളിലും വെടിവെപ്പിലുമാണ് ആളുകള്‍ കൊല്ലപ്പെട്ടത്. പത്തോളം ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 2000 ത്തോളം സൈനികരാണ് ആക്രമണം നടത്തിയത്.

സൈനികര്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ച് മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വെള്ളത്തിനുള്ള സൗകര്യം ആക്രമണത്തില്‍ നശിപ്പിക്കുകയും ചെയ്തതു. ആക്രമണത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

CONTENT HIGHLIGHTS: Agencies express concern over Israeli restrictions on medical aid in Jenin