'പ്രായവ്യത്യാസവും വരുമാനവുമാണ് പ്രശ്‌നം'; ദളിത് യുവാവിന് വിവാഹം കഴിച്ചതിന് മകളെ ഭീഷണിപ്പെടുത്തുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബി.ജെ.പി എം.എല്‍.എ
Caste Discrimination
'പ്രായവ്യത്യാസവും വരുമാനവുമാണ് പ്രശ്‌നം'; ദളിത് യുവാവിന് വിവാഹം കഴിച്ചതിന് മകളെ ഭീഷണിപ്പെടുത്തുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 1:18 pm

 

ലഖ്‌നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തുന്നുവെന്ന മകളുടെ പരാതിയില്‍ പ്രതികരണവുമായി ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്ര. താന്‍ വിവാഹത്തിന് എതിരല്ലെന്നും മറ്റ് ആശങ്കകളാണുള്ളതെന്നുമാണ് രാജേഷ് മിശ്രയുടെ വിശദീകരണം.

‘ മകളുടെ വിവാഹത്തിന് ഞാന്‍ എതിരല്ല. യുവാവിന് മകളേക്കാള്‍ ഒമ്പതു വയസ് കൂടുതലാണെന്നതാണ് എന്റെ ഏക ആശങ്ക. ഒരു പിതാവെന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കാരം ആ കുട്ടിക്ക് വളരെ ചെറിയ വരുമാനമേയുള്ളൂ.’ എന്നാണ് രാജേഷ് മിശ്ര പറഞ്ഞത്.

‘ മകളെ ദ്രോഹിക്കുന്നത് ഞാന്‍ ആലോചിച്ചിട്ടുപോലുമില്ല. അവര്‍ വീട്ടിലേക്ക് തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. വിഷയം ഞാന്‍ പാര്‍ട്ടി ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.’ മിശ്ര പറഞ്ഞു.

രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സമൂഹ മാധ്യമങ്ങളിലൂടെ പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹത്തിനു ശേഷം പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും യുവതി ആരോപിച്ചിരുന്നു.

തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും സാക്ഷി മിശ്ര പറഞ്ഞിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബി.ജെ.പി എം.എല്‍.എമാരോ എം.പിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.