മികച്ച ഫോമിൽ കളിക്കുന്ന ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ ലോകകപ്പിലെ റെക്കോഡുകൾ പലതും സ്വന്തം പേരിൽ എഴുതിച്ചേർക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇത് വരെ രണ്ട് ലോകകപ്പുകളിൽ മാത്രം കളിച്ച താരത്തിന്റെ പേരിൽ ഒമ്പത് ലോകകപ്പ് ഗോളുകളാണ് സ്വന്തമായിട്ടുള്ളത്.
കൂടാതെ 2018 ലെ റഷ്യൻ ലോകകപ്പിൽ നാല് ഗോളുകൾ നേടിയ താരം ഖത്തർ ലോകകപ്പിൽ ഗോൾ നേട്ടം അഞ്ചാക്കി വർധിപ്പിക്കുമ്പോൾ തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ നാലിലേറേ ഗോളുകൾ നേടുന്ന ആദ്യ ഫ്രഞ്ച് താരം എന്ന റെക്കോഡും എംബാപ്പെ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
ഖത്തർ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നും ഇതുവരെ അഞ്ച് ഗോളുകളാണ് പാരിസ് സെന്റ് ജർമൻ താരം സ്വന്തമാക്കിയിരിക്കുന്നത്.
23 വയസുള്ള എംബാപ്പെക്ക് മുമ്പ് ബ്രസീൽ ഇതിഹാസ താരം പെലെയായിരുന്നു ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
നാല് ലോകകപ്പുകളിൽ നിന്നും 16 ഗോളുകൾ നേടിയ ജർമനിയുടെ ക്ലോസെയാണ് ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരം. എംബാപ്പെ ക്ലോസെയുടെ റെക്കോർഡുകൾ തകർക്കും എന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
പോളണ്ടിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരങ്ങളിൽ 74,91 മിനിട്ടുകളിലായിരുന്നു എംബാപ്പെ സ്കോർ ചെയ്തത്. ഇത് കൂടാതെ ഡെന്മാർക്കിനോടുള്ള മത്സരത്തിലും 61,86 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി വല കുലുക്കിയിരുന്നു.
ഖത്തർ ലോകകപ്പിലെ എംബാപ്പെയുടെ ആദ്യ ഗോൾ ഓസ്ട്രേലിയയായുള്ള മത്സരത്തിന്റെ 68ാം മിനിട്ടിലാണ് പിറന്നത്.
ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ ഫ്രാൻസിന് ഡിസംബർ 11 ന് അൽ ബൈത് സ്റ്റേഡിയത്തിൽ വെച്ച് ഇംഗ്ലണ്ട്- സെനഗൽ മത്സര വിജയികളെയാണ് നേരിടേണ്ടത്.
ഒരു ലോകകപ്പിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോഡ് ഫ്രാൻസിന്റെ തന്നെ ഫോണ്ടയിന്റെ പേരിലാണ്. 13 ഗോളുകളാണ് താരം 1958 ലോകകപ്പിൽ നിന്ന് മാത്രം നേടിയത്.
5 ഗോളുകൾ കൂടി നേടിയാൽ എംബാപ്പെക്ക് ഫോണ്ടയിന്റെ റെക്കോഡ് മറികടക്കാം. ഒരു കളിയും തോറ്റില്ലെങ്കിൽ ഇനി പരമാവധി 3 മത്സരങ്ങൾ കൂടിയാണ് ഫ്രഞ്ച് ടീമിന് ഉണ്ടാവുക.
Content Highlights:Age 23 ,More games , Mbappe to break all the legends records