Kerala News
അഗത്തി-കൊച്ചി അലയന്‍സ്എയര്‍ വിമാനം റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 28, 06:40 am
Tuesday, 28th January 2025, 12:10 pm

കൊച്ചി: അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന അലയന്‍സ്എയര്‍ വിമാനം റദ്ദാക്കി. ഇതോടെ കുട്ടികളടക്കം 30 യാത്രക്കാര്‍ അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയെന്നും പകരം ഇനി എപ്പോഴാണ് വിമാന സര്‍വീസ് ഉണ്ടാവുക എന്ന കാര്യങ്ങളൊന്നും അലയന്‍സ്എയര്‍ അറിയിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10.30 യ്ക്കുള്ള വിമാനമാണ് റദ്ദാക്കിയത്. ഇന്നലെ (തിങ്കളാഴ്ച) രാത്രി എട്ട് മണിയോടെയാണ് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുന്നത്.

അലയന്‍സ്എയര്‍ന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമുണ്ടായില്ലെന്നും യാതൊരുവിധ സൗകര്യങ്ങളോ അറിയിപ്പോ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.

നാളെത്തേക്ക് ശ്രമിക്കാമെന്നും അലയന്‍സ്എയര്‍ന്റെ രണ്ട് വിമാനവും തകരാറിലാണെന്നും അതിനാല്‍ കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ കഴിയില്ലെന്നുമാണ് പ്രാഥമികമായി കിട്ടിയ വിവരമെന്നും യാത്രക്കാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാര്‍ക്ക് ഹോം സ്‌റ്റേ സൗകര്യമില്ലെന്നും അഗത്തിയില്‍ ഇനിയുള്ള ദിവസങ്ങള്‍ തങ്ങാന്‍ കഴിയില്ലെന്നും പെര്‍മിറ്റ് ഇന്ന് അവസാനിക്കുമെന്നും യാത്രക്കാര്‍ പറയുന്നു.

Content Highlight: Agathi-Kochi Airlines flight cancelled; Passengers in distress