[] ന്യൂദല്‍ഹി: അതി വിശിഷ്ട വ്യക്തികള്‍ക്ക് വേണ്ടി യു.കെ കേന്ദ്രമായ “അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ” കമ്പനിയില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള 36000 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയേക്കും.
കമ്പനികരാര്‍ ലംഘിച്ചതിനാലാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുന്നതെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ വില്‍പ്പനക്കരാറും അതിന് മുന്‍പുണ്ടായ വിശ്വസ്തതാ കരാറും ലംഘിക്കപ്പെട്ടതായി അറ്റോര്‍ണി ജനറല്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചതായും ആന്റണി അറിയിച്ചു.
ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനിയുടെ യു.കെ ശാഖയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡുമായി 2010 ലായിരുന്നു പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടിരുന്നത്. ഇതിനകം മൂന്ന് ഹെലികോപ്ടറുകള്‍ ലഭിച്ചു.
ഇതിനിടെയായിരുന്നു കമ്പനി മുന്‍ വ്യോമ സേനാ മേധാവി എസ്.പി ത്യാഗിയുടെ കോഴ വിവാദം പുറത്ത് വന്നത്.
ഇതുമായി ബന്ധപ്പെട്ട് ഫിന്‍മെക്കാനിക്കയുടെ സി.ഇ.ഒ ഗൈസപ്പ് ഓഴ്‌സി ഇറ്റലിയില്‍ അറസ്റ്റിലായിരുന്നു.
തുടര്‍ന്ന് പ്രതിരോധമന്ത്രാലയം അന്വേഷണം സി.ബി.ഐ ക്ക് വിടുകയും ഒപ്പം കരാര്‍ റദ്ദാക്കാതിരിക്കാന്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
എന്നാല്‍ ആദ്യ നോട്ടീസിനുള്ള മറുപടിയില്‍ കമ്പനി ആരോപണം നിഷേധിച്ചു.
ഒക്ടോബര്‍ 21 ന് നല്‍കിയ രണ്ടാമത്തെ നോട്ടീസിന് മറുപടി നല്‍കാന്‍ 21 ദിവസത്തെ സമയം പ്രതിരോധമന്ത്രാലയം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനികളായ ഐ.ഡി.എസ്.ഇന്‍ഫോടെക്, എയ്‌റോമെട്രിക്‌സ് എന്നിവയുടെ കോഴകൈമാറ്റത്തിലെ പങ്കും സി.ബി.ഐ അന്വേഷിച്ചു വരികയാണ്.
വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അസാധാരണമാം വിധം വര്‍ധിച്ച് വരികയാണെന്നും ബന്ധം മെച്ചപ്പെടുത്തണമെന്ന ആഗ്രഹം പാകിസ്ഥാനുണ്ടെങ്കില്‍ നുഴഞ്ഞ് കയറ്റം ദിനംപ്രതി വര്‍ധിച്ച് വരുന്നതെങ്ങനെയാണെന്നും ആന്റണി ചോദിച്ചു.
നുഴഞ്ഞകയറ്റക്കാര്‍ ഇന്ത്യയില്‍ ദീര്‍ഘകാലം കഴയാനുള്ള സാധനസാമഗ്രികളുമായാണ് എത്തുന്നതെന്നതാണ് ഏറ്റവും ആശങ്കാജനകമെന്നും അദ്ദേഹം പറഞ്ഞു.