കോട്ടയം: മന്നം സമാധിയുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ദുഷ്പ്രചരണങ്ങളില്‍ നായരും എന്‍.എസ്.എസും ഒരുകാരണവശാലും തളരില്ലെന്നായിരുന്നു സി.പി.ഐ.എമ്മിനോടുള്ള സുകുമാരന്‍ നായരുടെ പ്രതികരണം.
മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തത് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നത്തിനെ അന്നും ഇന്നും വര്‍ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മന്നത്തിനെതിരായ പ്രചരണത്തിന് പിന്നിലെന്നും പറഞ്ഞുകൊണ്ട് സുകുമാരന്‍ നായര്‍ സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ചു.
ചരിത്രം എഴുതുന്നവര്‍ മന്നത്തെ തിരസ്‌ക്കരിക്കുകയാണെന്നും വൈക്കം സത്യാഗ്രഹം വിജയിക്കാതെ വന്നപ്പോള്‍ നേതാക്കള്‍ മന്നത്തെ നേരിട്ട് വന്നുകാണുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നതിനാല്‍ നായര്‍ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
തങ്ങളെ ലക്ഷ്യവെച്ചുകൊണ്ടുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഏതറ്റം വരെ പോകാനും മടിക്കുകയില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. വോട്ട് ബാങ്കിന്റെ പേരില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അറിവില്‍ ഊന്നിയ പരിഷ്‌കര്‍ത്താവ്’ എന്ന പേരില്‍ ഡോ കെ.എസ്. രവികുമാറിന്റെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്.
മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച ഏതാനും രാഷ്ടീയ നിലപാടുകള്‍ നവോഥാന നായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ നിഴലില്‍ ആഴ്ത്തിയെന്ന ലേഖനത്തിലെ പരാമര്‍ശമാണ് സുകുമാരന്‍ നായരെ പ്രകോപിതനാക്കിയത്.
Content Highlight: Against the article published by Desabhimani regarding Mannam Samadhi, NSS General Secretary G Sukumaran Nair