| Wednesday, 25th December 2019, 7:57 am

'ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടി വന്നതാണ്; മുസ് ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് ബി.ജെ.പി ഉറപ്പു നല്‍കിയിരുന്നു'; ഇടഞ്ഞ് അകാലിദളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ പൗരത്വ പട്ടിക വിഷയത്തിലും പൗരത്വഭേദഗതി വിഷയത്തിലും ബി.ജെ.പിയോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച് സഖ്യകക്ഷിയായ അകാലിദള്‍.

തങ്ങള്‍ എന്‍.ആര്‍.സിക്ക് എതിരാണെന്നും മുസ്‌ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൗരത്വഭേദഗതി നിയമത്തിന് ബി.ജെ.പി തയ്യാറാകണമെന്നും അകാലിദള്‍ നേതാവും രാജ്യസഭാ എം.പിയുമായ നരേഷ് ഗുജ്‌റാള്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”മുസ്ലിം സമുദായത്തെ പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് ഞങ്ങളും ആവശ്യപ്പെടുന്നത്. ഞങ്ങള്‍ സി.എ.എയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അത് പക്ഷേ മുസ്‌ലിങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തുമെന്ന് ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ സുക്ബീര്‍ ബാദല്‍ പറഞ്ഞതുകൊണ്ടാണ്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രതിസന്ധിയായിരുന്നു കാരണം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താലിബാനിലും പീഡനം അനുഭവിച്ച ശേഷം ഇന്ത്യയിലെത്തിയ 60,000 മുതല്‍ 70,000 വരെയുള്ള സിഖുകാര്‍ പത്ത് പന്ത്രണ്ട് വര്‍ഷം ഇവിടെ പൗരത്വം ഇല്ലാതെ കഴിഞ്ഞിരുന്നു.

അകാലിദള്‍ സിഖുകാരെ പ്രതിനിധീകരിക്കുന്നവരാണ്. പക്ഷേ ഞങ്ങള്‍ സഹിഷ്ണുതയില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടിവന്നതാണ്. പക്ഷേ മുസ്‌ലീങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പുനല്‍കിയതുകൊണ്ടാണ് അങ്ങനെ നിലപാടെടുത്തത്”-ഗുജ്‌റാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങള്‍ എന്‍.ആര്‍.സിയെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമികമായി ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ മനസ്സില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട കാര്യം ബി.ജെ.പി പുനപരിശോധിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. പൗരത്വ നിയമം ലംഘിക്കുന്നതാണ് ഇത്തരമൊരു നടപടി. രാജ്യത്ത് അക്രമം ഉണ്ടാവുന്നതും ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്.

സിഖുകാരെ കുറിച്ച് മാത്രമല്ല, എല്ലാ മതത്തിലുമുള്ളവരുടെയും ക്ഷേമത്തെക്കുറിച്ചാണ് തന്റെ പാര്‍ട്ടി എപ്പോഴും സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിന് പിന്നാലെയാണ് അകാലിദളും ബി.ജെ.പിക്കെതിരെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more