ആസാമില്‍ വീണ്ടും കലാപം: ഒരാള്‍ കൊല്ലപ്പെട്ടു
India
ആസാമില്‍ വീണ്ടും കലാപം: ഒരാള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2012, 10:30 am

ഗുഹാവത്തി: ആസാമില്‍ വീണ്ടും കലാപം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊക്രാജാര്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്..[]
ഫാക്കിറ ഗ്രാമത്തിലെ പാക്രിത്തോലയിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപകാരികള്‍ വെടിയുതിര്‍ക്കുകയും പ്രദേശത്തെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഗോസായ്ഗാവ് മേഖലയിലെ തുപിമാരിയിലുണ്ടായ സംഘര്‍ഷത്തിലാണ് മറ്റൊരാള്‍ക്ക് പരിക്കേറ്റത്. ഭൂംതി ഗ്രാമത്തിലായിരുന്നു ആദ്യ സംഘര്‍ഷമുണ്ടായത്. ഇവിടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഈ സംഭവത്തോടെ ആസാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 86 ആയെന്നാണ് ഔദ്യോഗിക കണക്ക്.


ഇന്നലെ ചിരാഗ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ മാതൃഗ്രാമത്തിലേക്ക് തിരികെവന്നപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇതിനെതുടര്‍ന്ന് ചിരാഗ് ജില്ലയില്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ആസാം സംഘര്‍ഷത്തെതുടര്‍ന്ന് രണ്ടായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുകയാണ്. കഴിഞ്ഞ ഒരു മാസത്തില്‍ നടന്ന വംശീയ കലാപത്തില്‍ 80 ലധികം ആളുകളാണ് മരിച്ചത്. അഞ്ച് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമായി.