'ക്രമസമാധാന നിലയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി മുഖ്യമന്ത്രി' കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി ടൈംസ് നൗ വീണ്ടും
Daily News
'ക്രമസമാധാന നിലയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി മുഖ്യമന്ത്രി' കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി ടൈംസ് നൗ വീണ്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2017, 5:11 pm

തിരുവനന്തപുരം: സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ട നടപടിയെ വളച്ചൊടിച്ച് വ്യാജ പ്രചരണവുമായി ടൈംസ് നൗ വീണ്ടും. കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടു എന്ന തരത്തിലാണ് ടൈംസ് നൗ വാര്‍ത്ത നല്‍കിയത്.

#KeralaKillingFields എന്ന ഹാഷ്ടാഗിലാണ് ടൈംസ് നൗ ഈ റിപ്പോര്‍ട്ട് പ്രചരിപ്പിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരുന്നു. ഇത് പിണറായി വിജയനെ അസ്വസ്ഥനാക്കിയെന്നും അതിന്റെ തുടര്‍ച്ചയാണ് മാധ്യമപ്രവര്‍ത്തകരോടുള്ള പെരുമാറ്റമെന്നും വ്യാഖ്യാനിച്ചായിരുന്നു ടൈംസ് നൗ ചാനലിന്റെ റിപ്പോര്‍ട്ട്.


Also Read:സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകണം; അക്രമസംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കുമ്മനം


കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നെന്ന വാദത്തിന് ശക്തി പകരാനെന്നവണ്ണം തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ” പട്ടാപ്പകലാണെന്ന വസ്തുതാവിരുദ്ധമായ കാര്യവും റിപ്പോര്‍ട്ടര്‍ പറഞ്ഞുവെക്കുന്നു.

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്ക് സഹായം നല്‍കുന്ന തരത്തില്‍ നേരത്തെയും ടൈംസ് നൗ ചാനലിന്റെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടായിരുന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സമരം ബി.ജെ.പിയുടെ അക്കൗണ്ടിലാക്കി ടൈംസ് നൗ ചാനല്‍ നേരത്തെ വ്യാജ വാര്‍ത്ത നല്‍കിയിരുന്നു.

അമിത് ഷായുടെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെ പാകിസ്ഥാന്‍ എന്നും ടൈംസ് നൗ ചാനല്‍ വിശേഷിപ്പിച്ചിരുന്നു. അമിത് ഷാ പോകുന്നത് “ഇടിമുഴങ്ങുന്ന പാകിസ്താനി”ലേക്കാണെന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ ടാഗ്‌ലൈന്‍. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ചാനല്‍ മാപ്പു പറയുകയും ചെയ്തിരുന്നു.