കിനാലൂര്‍ വീണ്ടും ജനകീയപ്രക്ഷോഭത്തിലേക്ക്; ഇത്തവണ സ്വകാര്യ കമ്പനിയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ
അശ്വിന്‍ രാജ്
Friday, 23rd February 2018, 12:50 pm
2010 മേയ് ആറാം തിയ്യതി നാലുവരിപ്പാതയ്ക്കായി ജനവികാരം മാനിക്കാതെ കിനാലൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ ഒന്നടങ്കം ഇതിനെതിരെ എത്തുകയും ഉദ്യോഗസ്ഥരെ തടയുകയും അതിനെതുടര്‍ന്ന് സമരക്കാരെ അതിക്രൂരമായി പൊലീസ് നേരിട്ടു. സ്ത്രീകളും പിഞ്ചുകുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന തദ്ദേശവാസികള്‍ക്കുനേരെ ഗ്രനേഡെറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനു പന്നാലെ ശക്തമായ ലാത്തിചാര്‍ജ്ജും അരങ്ങേറി. ഇതോടെ കേരളമൊന്നടങ്കം കിനാലൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രദേശത്തെ വീടുകളും അവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും പൊലീസ് തല്ലിത്തകര്‍ത്തു.. സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തിവെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി.
കിനാലൂരിലെക്ക് നാലുവരിപ്പാത നിര്‍മ്മിക്കുന്നതിനെതിരെയുള്ള ജനകീയ ചെറുത്ത് നില്‍പ്പിനെതിരെയുണ്ടായിരുന്ന പൊലീസ് അതിക്രമത്തിന്റെ ആ കനലുകള്‍ ഇന്നും ആ ജനതയുടെ ഉള്ളില്‍ നിന്ന് മാഞ്ഞിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഒരിടവേളക്ക് ശേഷം കിനാലൂര്‍ വീണ്ടും ജനകീയ സമരത്തിലേക്ക് പോകുകയാണ്. മലബാറിലെ അഞ്ച് ജില്ലകളിലെ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി കിനാലൂരില്‍ മലബാര്‍ എന്‍വിറോ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെയാണ് പ്രദേശവാസികളുടെ പുതിയ സമരം.
സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പ്രദേശവാസികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മാണത്തിനായി എത്തി ചേര്‍ന്ന കമ്പനി അധികൃതരെ തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമാലാക്ഷിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയാണ് പ്രദേശത്തെ ജനങ്ങള്‍ സംയുക്ത സമര സമിതി രൂപീകരിച്ച് സ്വകാര്യ മെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ സമരം തുടങ്ങിയത്.
4.89 കോടി രൂപ മുതല്‍ മുടക്കിലാണ് ബയോമെഡിക്കല്‍ സംസ്‌ക്കരണ കേന്ദ്രം കിനാലൂരില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കിലോഗ്രാം മാലിന്യം ഒരു മണിക്കൂറില്‍ സംസ്‌ക്കരിക്കാനുള്ള ഒരു ഇന്‍സിനറേറ്റര്‍ സംസ്‌ക്കരണ കേന്ദ്രത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന ചൂടില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഇന്‍സിനറേറ്റര്‍. 1000 ലിറ്ററിന്റെ രണ്ട് ഓട്ടോക്ലേവുകളും 100 കിലോഗ്രാം കപ്പാസിറ്റിയുള്ള ഷ്രെഡറുകളും നിര്‍മ്മിക്കാനുമാണ് കമ്പനിയുടെ തീരുമാനം. ഉയര്‍ന്ന താപത്തില്‍ സാധനങ്ങളെ അണുവിമുക്തമാക്കുന്ന പ്രക്രിയയാണ് ഓട്ടോക്ലേവ്. കൂടാതെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനായി 62.5 കെ.വി.എ ഡീസല്‍ ജനറേറ്ററും ഉപയോഗിക്കും.
എന്നാല്‍ മലബാര്‍ എന്‍വിറോ വിഷന്‍ പ്രദേശത്ത് നിന്ന് തിരിച്ച് പോകുന്നത് വരെ സമരം തുടരുമെന്നാണ് സി.പി.ഐ.എമ്മിനെ പ്രതിനിധികരിച്ച് സമര സമിതിയില്‍ അംഗമായ എ.സി ബൈജു പറയുന്നത്.
“”പനങ്ങാട് പഞ്ചായത്തില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് കിനാലൂര്‍. പദ്ധതി പ്രദേശത്തില്‍ നിന്ന് 75 മീറ്റര്‍ മാത്രം അകലെ കാവും 108 മീറ്റര്‍ അകലെ വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. പദ്ധതി പ്രദേശത്ത് വരുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ജലക്ഷാമവും വരാന്‍ ഉള്ള സാധ്യതകള്‍ ഉണ്ട് ഒരോ വീടും തമ്മില്‍ അഞ്ച് മീറ്റര്‍ പോലും അകലമില്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു രോഗം വന്നാല്‍ പലപ്പോഴും പടര്‍ന്ന് പിടിക്കാറാണ് പതിവ്. മറ്റൊന്ന് കേരളത്തിലെ തന്നെ ഏറ്റവും ജലക്ഷാമമുള്ള പ്രദേശമാണ് ഇത്. അപ്പോള്‍ ഈ പ്ലാന്റ് കൂടി വരുമ്പോള്‍ പിന്നെ ജലക്ഷാമം ഒന്നുകൂടെ രൂക്ഷമാവും 5000 ലിറ്റര്‍ വെള്ളമാണ് പ്ലാന്റിന്റെ പ്രവര്‍ത്തികള്‍ക്കായി ശരാശരി ഒരു ദിവസം ഉപയോഗിക്കേണ്ടി വരിക””. ബൈജു പറയുന്നു.
“”സംസ്ഥാന സര്‍ക്കാരിന് പദ്ധതിക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബൈജു കൂട്ടി ചേര്‍ക്കുന്നു. മലിനീകരണ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ച് കോടതിയില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങിയാണ് കിനാലൂരില്‍ ഇപ്പോള്‍ മാലിന്യ പ്ലാന്റ് വരാന്‍ പോകുന്നത്. അത് കൊണ്ട് തന്നെ പൊലീസ് അടക്കമുള്ളവര്‍ക്ക് കമ്പനിക്ക് നിര്‍മാണത്തിന് സംരക്ഷണം നല്‍കണം ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാവും”” ബൈജു പറയുന്നു.
എന്നാല്‍ പ്ലാന്റിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനോ ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ജില്ലാപഞ്ചായത്ത് മെമ്പറും സമരസമിതി അംഗവുമായ നജീബ് കാന്തപുരം പറയുന്നത്. “”തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള കിനാലൂര്‍ പ്രദേശത്ത് തീര്‍ത്തും കോര്‍പ്പറേറ്റ് താല്‍പ്പര്യം മുന്‍ നിര്‍ത്തായാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത് ജനങ്ങളോട് സംസാരിക്കാനോ അവരെ വിശ്വാസത്തിലെടുക്കാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ജനങ്ങളുടെ മേല്‍ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മറ്റൊന്ന് ഈ പദ്ധതി പ്രകാരം മാലിന്യം സംസ്‌ക്കരിക്കുന്നതിന് എന്തെങ്കിലും കാലതാമസം വന്നാല്‍ എന്ത് സംഭവിക്കുമെന്ന് പോലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല””
ഈ പദ്ധതി കിനാലൂരിലെ വ്യവസായ പാര്‍ക്കിന് തന്നെ വെല്ലുവിളിയാണെന്നും നജീബ് കാന്തപുരം പറയുന്നു. പദ്ധതി പ്രദേശത്ത് പുതിയ വ്യവസായങ്ങള്‍ വരുന്നതിന് പോലും ഈ ആശുപത്രി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. പ്ലാന്റ് കിനാലൂരില്‍ നിന്ന്‍ മാറ്റി സ്ഥാപിക്കുന്നത് വരെ ജനകീയ സമരം തുടരുമെന്നും നജീബ് കാന്തപുരം പറയുന്നു.
അതേ സമയം നിലവില്‍ റെഡ് കാറ്റഗറിയില്‍ പെടുന്ന പദ്ധതി പ്രദേശത്ത് പ്ലാന്റിന് ഗവണ്‍മെന്റ് നിഷ്‌കര്‍ശിക്കുന്ന രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് മലബാര്‍ എന്‍വിറോ വിഷന് മലിനീകരണ പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ് ചീഫ് എഞ്ചിനീയര്‍ ശബ്‌ന പറയുന്നത്.
““കേന്ദ്രനിയമ പ്രകാരം റെഡ് കാറ്റഗറി പ്രദേശത്ത് മലിനീകരണ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ 25 മീറ്റര്‍ പരിധിയില്‍ വീടോ 50 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ കെട്ടിടങ്ങളോ പാടില്ല. നിലവില്‍ കിനാലൂരില്‍ പ്ലാന്‍് സ്ഥാപിക്കുന്നിടത്ത് നിന്ന് 108 മീറ്റര്‍ അകലെയാണ് വീടുള്ളത് കൂടാതെ ഇന്‍സിനറേറ്റര്‍ ഓട്ടോക്ലേവുകള്‍ തുടങ്ങിയവയും നിര്‍മ്മിക്കുന്നതിനും പുറത്തേക്ക് വിടുന്ന പുക മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന അളവിലുമാണ് വിടുക എന്നുമാണ് പ്രോജക്റ്റ് പ്ലാന്‍ ഇതു പ്രകാരമാണ് അവര്‍ക്ക് അനുമതി നല്‍കിയതും പിന്നീട് പുതുക്കി നല്‍കിയതും ശബ്‌ന പറഞ്ഞു.
അതേ സമയം കിനാലൂരില്‍ ഇങ്ങനെ ഒരു പ്ലാന്റ് സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനുള്ള മാര്‍ഗമാണെന്നാണ് പ്രദേശവാസിയും സമരാനുഭാവിയുമായ സുബീഷ് പറയുന്നത്. “”സ്വകാര്യ ആശുപത്രികള്‍ അവരുടെ സ്ഥലത്ത് തന്നെ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മ്മിക്കണമെന്നാണ് നിയമം. എന്നാല്‍ ഇങ്ങനെ ഒരു പ്ലാന്റ് വരുന്നതോടെ മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങള്‍ അപ്പാടെ കിനാലൂര്‍ എത്തുകയാണ് ചെയ്യുക. ഇത് സ്വകാര്യ ആശുപത്രി ബിസിനസിനെ സഹായിക്കാനാണ് ഈ തീരുമാനം”” സുബീഷ് പറയുന്നു.
ഇപ്പോള്‍ ഇതാ ഹൈക്കോടതി ഓര്‍ഡറിന്റെ പിന്‍ബലത്തോടെ കമ്പനി അധികൃതര്‍ നിര്‍മ്മാണത്തിന് ഇപ്പോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അവര്‍ ഇത്തരത്തില്‍ വരും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോകും. എന്തായാലും ഇങ്ങനെ ഒരു പ്ലാന്റ് വേണ്ടാ എന്നതാണ് പ്രദേശത്തെ ജനങ്ങളുടെ തീരുമാനം. കമ്പനി തിരിച്ച് പോകും വരെ ജനകീയ പ്രക്ഷോഭം തുടരുമെന്നും സുബീഷ് വ്യക്തമാക്കുന്നു.