ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന എന്‍.ഡി.എ യോഗത്തിന് പിന്നാലെയാണ് വിമര്‍ശനം. ഇന്ത്യന്‍ ഭരണഘടനയെ ദൈവീകമായി വണങ്ങുന്ന മോദിയെ സോഷ്യല്‍ മീഡിയ പഴയ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ഇപ്പോള്‍.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ചെങ്കോലും കിരീടവും ഹിന്ദു സന്യാസികളുമായി എത്തിയ ആ പഴയ മോദി ഇപ്പോള്‍ എവിടെയെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
പ്രതിപക്ഷത്തിന്റെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെയും അഭാവത്തിലായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിച്ചത്.
‘പാര്‍ലമെന്റ് ജനങ്ങളുടെ ശബ്ദമാണ്, പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് മോദി കണക്കാക്കുന്നത്,’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.
മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയുടെ ഉപദേശകനായിരുന്ന വി.ഡി. സവര്‍ക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ഉദ്ഘാടന തീയതിയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തായി പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതും അന്ന് വിവാദമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ രണ്ട് സന്ദര്‍ഭങ്ങളെയും ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. നിങ്ങള്‍ പേടിക്കണം, ജനങ്ങളെയല്ല അവരുടെ വോട്ടുകളെ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഭരണഘടന തിരുത്താന്‍ ശ്രമിച്ച തിരുട്ട് ടീം അത് കൈയിലെടുത്ത് വണങ്ങുന്ന അതിമനോഹരമായ കാഴ്ച്ച എന്നും മോദിയുടെ പ്രവൃത്തിയില്‍ സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ഇരു സന്ദര്‍ഭങ്ങളിലെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം.
‘2019ലെ എന്‍.ഡി.എയുടെ യോഗത്തില്‍ ജയ് ശ്രീ റാം വിളികളാല്‍ മുഖരിതമായിരുന്നു. എന്നാല്‍ ഇത്തവണ ആകെ കേട്ടത് ഭാരത് മാതാ കി ജയ് മാത്രം. അതാണ് ജനങ്ങളുടെ വോട്ടിന്റെ പവര്‍’, എന്ന് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. പത്ത് വര്‍ഷം ചെയ്തതെല്ലാം ചെയ്തു, ഇനിയും അത് തുടരാനാണ് ശ്രമിക്കുന്നതെങ്കില്‍ നടക്കില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Again social media criticized Prime Minister Narendra Modi