ന്യൂദല്‍ഹി: ദല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ വെടിവെപില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ വെടിവെയ്പാണിത്.
സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെയ്പില്‍ ആര്‍ക്കും ആളപായമില്ല.
കഴിഞ്ഞ ദിവസം ഷാഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റുചെയ്തിരുന്നു. ഉത്തര്‍പ്രദേശുകാരനായ കപില്‍ ഗുജ്ജാറിനെയാണ് ആക്രമണം നടത്തിയതിന് അറസ്റ്റുചെയ്തത്.
സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ദല്‍ഹി സൗത്ത് ഈസ്റ്റ് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണറെ ഡി.സി.പി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ചിന്‍മയ് ബിശ്വാസിനെയാണ് സൗത്ത് ഈസ്റ്റ് ഡി.സി.പി സ്ഥാനത്തു നിന്നും നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് ചിന്മയ് ബിശ്വാസിനെ ഡിസിപി സ്ഥാനത്തു നിന്നു മാറ്റിയത്.