| Sunday, 19th August 2018, 10:19 pm

ധനികരായ മലയാളികള്‍ക്ക് ഒന്നും കൊടുക്കരുത്; പണം സേവാഭാരതിക്ക് നല്‍കൂ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിദ്വേഷ പ്രചാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം. മലയാളികള്‍ അതിധനികരാണെന്നും അവര്‍ക്ക് മെഴുകുതിരി മുതല്‍ നാപ്കിന്‍ വരെ ഉള്ള കാര്യങ്ങള്‍ ദാനമായി വേണ്ടെന്നും എല്ലാം സേവാഭാരതിക്ക് നല്‍കണമെന്നും പറയുന്ന വോയിസ് ക്ലിപ്പും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

താനിപ്പോള്‍ കേരളത്തിലാണുള്ളതെന്നും, പ്രളയത്തെത്തുടര്‍ന്ന് ഗതാഗത സൗകര്യമില്ലാതെ അകപ്പെട്ടു പോയെന്നും സുരേഷ് എന്നു പരിചയപ്പെടുത്തുന്ന വ്യക്തി വിശദീകരിക്കുന്നു.

“കൊച്ചിയില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം ദൂരത്തിലുള്ള ജന്മദേശമായ കരുവന്നൂരിലേക്കു പോലും എത്തിച്ചേരാന്‍ സാധിക്കുന്നില്ല. വെള്ളപ്പൊക്കം ആരംഭിച്ച് ആദ്യത്തെ മൂന്നു ദിവസം താന്‍ വിവിധ സന്നദ്ധ സംഘടനകള്‍ക്കൊപ്പം ദുരിതാശ്വാസപ്രവര്‍ത്തനത്തിലായിരുന്നു. സാമ്പത്തിക സഹായങ്ങള്‍ ശേഖരിക്കാന്‍ കേരളത്തിനു പുറത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് അറിയുന്നു. ഇവിടുത്തെ പ്രളയബാധിതരെല്ലാവരും അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് പണത്തിന്റെ യാതൊരു ആവശ്യവുമില്ല. സാനിറ്ററി നാപ്കിനുകളോ മെഴുകുതിരികളോ ഇവര്‍ക്കാവശ്യമില്ല. ഇവിടെ എല്ലാ വീടുകളിലും വൈദ്യുതിയുണ്ട്, അത് ദിവസങ്ങള്‍ക്കകം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. അതു കൊണ്ട് നിങ്ങളുടെ ലിസ്റ്റില്‍ നിന്നും മെഴുകു തിരിയും തീപ്പെട്ടിയുമെല്ലാം ഒഴിവാക്കിക്കോളൂ” വോയിസ് ക്ലിപ്പില്‍ പറയുന്നു.


Read Also :വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് ബാര്‍ അസോസിയേഷന്‍; പൂട്ടു പൊളിച്ച് ടി.വി അനുപമ ഐ.എ.എസ്


“നിങ്ങളയയ്ക്കുന്ന നിലവാരമില്ലാത്ത അരി അവര്‍ കഴിക്കില്ല. അവര്‍ ഉയര്‍ന്ന തരം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. ആദ്യം നിങ്ങള്‍ നേരിട്ടുവന്ന് വസ്തുക്കള്‍ നല്‍കാന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ എല്ലായിടത്തും പ്രളയം ബാധിച്ചിട്ടില്ലെന്നും തിരിച്ചറിയണം. ആന്ധ്രയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വസ്ത്രങ്ങള്‍ അയച്ചവര്‍ക്കും ഇതാണ് സംഭവിച്ചത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ലെന്നു പറഞ്ഞ് അവരതു വലിച്ചെറിയുകയായിരുന്നു”. അദ്ദേഹം പറയുന്നു.

മറിച്ച്, ഇവിടെ ധാരാളം ആവശ്യം വരിക മരപ്പണിക്കാരേയും ഇലക്ട്രീഷ്യന്മാരേയുമാണ്. വെള്ളപ്പൊക്കത്തിലകപ്പെട്ട എല്ലാ വീടുകളിലും സ്വിച്ചുകളും വയറുകളും മാറ്റേണ്ടിവരും. കേരളത്തില്‍ അത്തരം ജോലിക്കാരുടെ വലിയ കുറവുണ്ട്. ഇത്തരം ജോലികള്‍ ചെയ്യാനായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. സംസ്ഥാനത്ത് ഈ ജോലികള്‍ ചെയ്യുന്ന ആസ്സാം, ബംഗാള്‍, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്, ഇത്തരം തൊഴിലാളികളെയാണ് ഇനിയിവിടെ ആവശ്യമുണ്ടാകുക എന്നുറപ്പിച്ചു പറയുന്നത്. ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് കേരളത്തില്‍ ഇവരുടെ പ്രതിഫലമെന്നും അയാള്‍ പറയുന്നു.


Read Also : ഇത് ജൈസല്‍ കെ.പി ; റബ്ബര്‍ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് മുതുക് കുനിച്ച് കൊടുത്ത താനൂരിലെ മത്സ്യത്തൊഴിലാളി


ശേഖരിക്കുന്ന പണം വേണമെങ്കില്‍ ബാധിക്കപ്പെട്ടവരിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കു നല്‍കാം, പക്ഷേ അത് അഞ്ചോ പത്തോ ശതമാനമേ വരൂ. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിലധികം വസ്തുക്കളുണ്ട്. അരിയും മറ്റ് അവശ്യവസ്തുക്കളുമായി എത്താനൊരുങ്ങുന്ന നൂറോ ഇരുന്നൂറോ ട്രക്കുകളാണ് തങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് കൊച്ചിയിലെ ഗുജറാത്തി സമൂഹം പറയുന്നു. കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവശ്യവസ്തുക്കള്‍ കുമിഞ്ഞു കൂടുകയാണ്, എന്നാല്‍ അതിനൊന്നും ആവശ്യക്കാരില്ല. തല്‍്ക്കാലത്തേക്ക് ആവശ്യമുള്ള ഭക്ഷണം ഇവിടെ ലഭ്യമാണ്. ദയവായി ആരും കേരളത്തിലേക്ക് ഇത്തരം നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും അയയ്ക്കരുത്.

ആവശ്യമേയില്ലാത്ത വസ്തുക്കളുടെ ലിസ്റ്റാണ് പ്രചരിക്കുന്നത്. നിങ്ങള്‍ക്കു പണം അയയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അത് ആവശ്യക്കാര്‍്ക്ക് നല്‍കൂ. ഇവിടെ എല്ലാ ജില്ലയിലെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്ന സേവാഭാരതി പ്രവര്‍ത്തകരുണ്ട്. സര്‍ക്കാരിനോടല്ല, അവരോടാണ് രക്ഷപ്പെട്ടവര്‍ നന്ദിപറയുന്നത്. എല്ലാ സൗകര്യവും അവര്‍ ഒരുക്കുന്നുണ്ട്. ഇത് കര്‍ണാടകയോ ആന്ധ്രയോ അല്ല. റാന്നിയിലേയും ചെങ്ങന്നൂരിലേയുമെല്ലാം ജനങ്ങള്‍ വളരെ ധനികരാണ്. ഭിക്ഷാടകരോടെന്ന പോലെയുള്ള പെരുമാറ്റം അവര്‍ സഹിക്കില്ല. നിങ്ങളയയ്ക്കുന്ന വസ്തുക്കളെല്ലാം അവര്‍ നിങ്ങള്‍ക്കു നേരെ തിരിച്ചെറിയും. തുടങ്ങി തീര്‍ത്തും തെറ്റിദ്ധാരണജനകവും അസത്യവുമാണ് വോയിസ് ക്ലിപ്പിലൂടെ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ നേതാവാണെന്നും സംഘപരിവാറിന്റെ പ്രചാരകനാണെന്നും ആക്ഷേപമുണ്ട്. പ്രളയക്കെടുതിയില്‍ അകപ്പെട്ട മലയാളികളെ അപമാനിക്കുകയും സഹായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more