| Monday, 13th August 2018, 8:10 am

സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു; തീരുമാനം തിരിച്ചറിയാനുള്ള എളുപ്പത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു. സ്വകാര്യ ലിമിറ്റഡ് ബസ് സ്‌റ്റോപ്പ് ബസുകളുടെ നിറമാണ് മാറുന്നത്. നിലവില്‍ മെറൂണ്‍ നിറമാക്കണമെന്നായിരുന്നു മോട്ടോര്‍ വാഹന അതോറിറ്റിയുടെ ഉത്തരവ്. എന്നാല്‍ ഇത് പിങ്ക് നിറമാക്കാനാണ് പുതിയ തീരുമാനം.

മങ്ങിയ നിറമായ മെറൂണ്‍ രാത്രിയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്.

മൊഫ്യൂസില്‍ ബസുകള്‍ക്ക് ഇളംനീലയും സിറ്റി ബസുകള്‍ക്ക് പച്ചയും നിറമാണ് നല്‍കുന്നത്. ഇതിന് പുറമേ വൈദ്യുത വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകളുടെ നിറം പച്ചയാക്കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പാക്കാനും തീരുമാനമായി.

Also Read കനത്ത മഴ; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദ്ദേശവുമായി ദുരന്തനിവാരണ സേന

ടാക്സി വൈദ്യുതവാഹനങ്ങള്‍ക്ക് പച്ചയില്‍ മഞ്ഞ നിറത്തിലും സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് പച്ചയില്‍ വെള്ളയിലും നിറമാണ് നല്‍കേണ്ടത്. നേരത്തെ റെന്റ് എ കാര്‍, റെന്റ് എ ബൈക്ക് സേവനങ്ങള്‍ക്കും ഔദ്യോഗികമായ അനുമതി നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചിരുന്നു. ആവശ്യമുള്ളവര്‍ക്ക് കാര്‍ മാത്രമായി നല്‍കുന്ന ഈ സംവിധാനം നിലവിലുണ്ടെങ്കിലും ഔദ്യോഗികമല്ല.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ റെന്റ് എ ബൈക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ഏതൊക്കെ രേഖകള്‍ വാങ്ങിവെച്ച ശേഷമാണ് കാറും ബൈക്കും വാടകയ്ക്ക് നല്‍കേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റാണ് എടുക്കുക.

We use cookies to give you the best possible experience. Learn more