| Sunday, 24th March 2019, 10:04 pm

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരു മരണം; ആശങ്കയോടെ ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനെല്ലി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി ബാധിച്ച് മരണം. തിരുനെല്ലി ബേഗൂര്‍ സ്വദേശിയായ സുന്ദരനാണ് മരിച്ചത്. 2015 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുന്ദരന് പുറമേ മറ്റ് രണ്ട് പേര്‍ക്കുകൂടി പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 11ാം തിയ്യതിയാണ് സുന്ദരന്റെ രോഗം സ്ഥരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ അഞ്ചുപേര്‍ക്ക് ജില്ലയില്‍ പനിയുണ്ട്. ജോലിക്ക് പോകുന്നതിനിടെ സുന്ദരനെ ചെള്ള് കടിച്ചതായിരിക്കാം എന്നാണ് നിഗമനം.
പനി വീണ്ടും വന്നതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ശക്തമായ പനി ഇടവിട്ട് വരുന്നതും, തലകറക്കവും, ഛര്‍ദ്ദിയും കുരങ്ങുപനിയുടെ ലക്ഷണമാണ്. കൂടെ കടുത്ത ക്ഷീണവും രോമങ്ങളില്‍ നിന്ന് രക്തവും ചൊറിച്ചിലും ഉണ്ടാകും

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2013ല്‍ നൂല്‍പ്പുഴയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത് 2014ല്‍ പുല്‍പള്ളിയില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ 102 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നൂറും പുല്‍പള്ളിയിലായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നില്ല.

ചെള്ളിലൂടെയാണ് കുരങ്ങ് പനിയുടെ വൈറസ് പകരുന്നത്. കുരങ്ങിന്റെ ശരീരത്തിലുള്ള ചെള്ളുകളാണ് അപകടകരം. അതുകൊണ്ട് കുരങ്ങുമായുള്ള സമ്പര്‍ക്കം ചുരുക്കണം. രണ്ടാമത് കരിച്ചോ അല്ലെങ്കില്‍ രാസവസ്തുക്കള്‍ തളിച്ചോ ചെള്ളിനെ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more