കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് മാനസിക പ്രശ്‌നങ്ങളുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
Mob Lynching
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് മാനസിക പ്രശ്‌നങ്ങളുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 11:46 pm

പാറ്റ്‌ന: മാനസിക പ്രശ്‌നങ്ങളുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം വൃദ്ധനെ തല്ലിക്കൊന്നത്.

ശാരീരിക അവശതകളും മാനസിക വൈകല്യവുമുള്ള വൃദ്ധനെ മണിക്കൂറുകളോളം ആള്‍ക്കൂട്ടം ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആറ് സ്ത്രീകളടക്കം 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഒരു ഡസനോളം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ബീഹാറില്‍ നടന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരാണെന്നു തെറ്റിദ്ധരിച്ച് രണ്ടു സിക്കുകാരെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. അതും പാറ്റ്‌നയില്‍ തന്നെ. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേദിവസം ദനപൂരില്‍ സമാന സംഭവം ആരോപിച്ച് രണ്ടു യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു.

ആള്‍ക്കൂട്ടം, നിയമം കയ്യിലെടുക്കരുതെന്ന് ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. സംശയാസ്പദ സാഹചര്യത്തില്‍ ആരെയെങ്കിലും കാണുകയാണെങ്കില്‍ പൊലീസില്‍ വിവരം അറിയുക്കുകയാണ് വേണ്ടതെന്നും ഡി.ജി.പി പറഞ്ഞു.

അതേസമയം, രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ രൂപീകരിച്ച മന്ത്രിസഭാ സമിതിയുടെ തലവനായി ആഭ്യന്തരമന്ത്രി അമിത് ഷാ ചുമതലയേറ്റിരുന്നു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമ മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച ഹരജി പരിഗണിക്കവെ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് സമിതി രൂപീകരണം. ഈ വിഷയത്തില്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് നല്‍കിയിരുന്നു.