വീണ്ടും ഐ.എ.എസ് ഓഫീസറുടെ രാജി; വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടന ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടും
national news
വീണ്ടും ഐ.എ.എസ് ഓഫീസറുടെ രാജി; വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടന ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2019, 2:59 pm

ബെംഗളൂരു: സിവില്‍ സര്‍വീസില്‍ നിന്നും രാജിവെക്കുകയാണെന്ന് കര്‍ണാടകയിലെ ഐ.എ.എസ് ഓഫീസര്‍. 2009 ബാച്ചിലെ ഐ.എ.എസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായ എസ്. ശശികാന്ത് സെന്തിലാണ് രാജിവെച്ചത്.

‘ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളിലെ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് അനീതിയായത് കൊണ്ടാണ്’ താന്‍ രാജിവെക്കുന്നതെന്ന് ശശികാന്ത് പറഞ്ഞു.

‘വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ഐ.എ.എസ് രംഗത്ത് നിന്ന് പുറത്തു കടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.’ ശശികാന്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017ലാണ് ശശികാന്ത് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്. ജില്ലയില്‍ സജീവമായി ഇടപെടുന്ന ഓഫീസറാണ് ശശികാന്തെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

2009 മുതല്‍ 2012 വരെ ബല്ലാരിയില്‍ അസിസ്റ്റന്റ് കമ്മീഷണറായി ശശികാന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ ശിവമോഗ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവി വഹിച്ചു. ചിത്രദുര്‍ഗ, റായ്ചൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. 2016 നവംബര്‍ മുതല്‍ മൈന്‍സ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍ ഡയറക്ടറാണ്.

നേരത്തെ ഐ.എ.എസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥനും സിവില്‍ സര്‍വ്വീസില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജോലിയേക്കാള്‍ വലുത് തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്റ് നാഗര്‍ ഹവേലിയിലെ ജില്ലാ കലക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥ് കോട്ടം പുതുപ്പള്ളി സ്വദേശിയാണ്. നിലവില്‍ ദാദര്‍ ആന്റ് നാഗര്‍ ഹവേലി വൈദ്യുത- പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയാണ്.