പതഞ്ജലിയുടെ വെജിറ്റേറിയന്‍ പൽപൊടിയിൽ നോണ്‍ മിശ്രിതം; ബാബ രാംദേവിന് ഹൈക്കോടതി നോട്ടീസ്
national news
പതഞ്ജലിയുടെ വെജിറ്റേറിയന്‍ പൽപൊടിയിൽ നോണ്‍ മിശ്രിതം; ബാബ രാംദേവിന് ഹൈക്കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 8:53 pm

ന്യൂദല്‍ഹി: പതഞ്ജലിയ്ക്കും ബാബ രാംദേവിനും വീണ്ടും തിരിച്ചടി. വെജിറ്റേറിയനെന്ന് മുദ്രകുത്തിയ പതഞ്ജലിയുടെ ദിവ്യ ദന്ത് മഞ്ജന്‍ എന്ന പൽപൊടിയിൽ സസ്യേതര ചേരുവ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസിക്കും ബാബ രാംദേവിനും ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

പൽപൊടിയിൽചേര്‍ത്തിരിക്കുന്ന ചേരുവകളില്‍ കടില്‍ മത്സ്യത്തിന്റെ  (കട്ടിൽഫിഷ്) അംശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും പതഞ്ജലി, ദിവ്യ ഫാര്‍മസി, ബാബ രാംദേവ് എന്നിവര്‍ക്കും മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ക്കും ജസ്റ്റിസ് സഞ്ജീവ് നരുല നോട്ടീസ് അയച്ചു.

കേസ് നവംബര്‍ 28ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സാധാരണയായി ഉത്പന്നം വെജിറ്റേറിയന്‍ ആണെന്ന് തിരിച്ചറിയാന്‍ പാക്കിങ് കവറില്‍ ഒരു പച്ച ഡോട്ട് കൊടുക്കുകയാണ് പതിവ്. എന്നാല്‍ പതഞ്ജലിയുടെ ടൂത്ത് പൗഡറില്‍ വെജ് മുദ്ര നല്‍കിയിട്ടും മത്സ്യത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

വെജിറ്റേറിയന്‍ ആയുര്‍വേദ ഉത്പന്നമായി പ്രമോട്ട് ചെയ്യുന്ന ഈ ടൂത്ത് പൗഡര്‍ ഓണ്‍ലൈന്‍ മുഖേനയും യൂണിറ്റുകള്‍ വഴിയും പതഞ്ജലി വില്‍പന നടത്തുകയാണ്. വര്‍ഷങ്ങളായി ഈ ടൂത്ത് പൗഡര്‍ ഉപയോഗിച്ചിരുന്ന ഒരു കുടുംബത്തിന് പാക്കേജില്‍ നിന്ന് കട്ടിൽഫിഷിന്റെ അസ്ഥിയുടെ ഭാഗം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് കുടുംബം വഞ്ചിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. മാംസാഹാരങ്ങള്‍ കഴിക്കുന്നത് തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കും വികാരങ്ങള്‍ക്കും വിരുദ്ധമാണെന്ന് കുടുംബം ഹരജിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കടല്‍ മത്സ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടൂത്ത് പൗഡര്‍ ഉത്പാദിപ്പിച്ചിരിക്കുന്നതെന്ന് ബാബ രാംദേവ് ഒരു യൂട്യൂബ് വീഡിയോയില്‍ സമ്മതിക്കുന്നതായും ഹരജിക്കാര്‍ പറയുന്നു. പതഞ്ജലിയുടെ ഈ നിര്‍മാണ രീതിക്കെതിരെ ജുഡീഷ്യല്‍ നടപടിയെടുക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഏപ്രില്‍ 15ന് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെയും ദിവ്യ ഫാര്‍മസിയുടെയും 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെറ്റായ രീതിയില്‍ പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഐ.എം.എയാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്.

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന് ഐ.എം.എ പരാതിയില്‍ ആരോപിച്ചിരുന്നു. ഇനിമുതല്‍ ഒരു നിയമലംഘനവും നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കമ്പനി പിന്നീടും പരസ്യ പ്രചരണവും വില്‍പനയും തുടരുകയായിരുന്നു.

Content Highlight: Again High Court notice to Baba Ramdev