ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് യുവതി മരിച്ചു
national news
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് യുവതി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 8:23 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വീണ്ടും ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്.

22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്. യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. രണ്ട് പേരെ അറസ്റ്റു ചെയ്തു.

ആക്രമികള്‍ യുവതിയുടെ ശരീരത്തില്‍ മയക്ക് മരുന്ന് കുത്തിവെച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കാലുകള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടുപ്പും തകര്‍ന്ന നിലയിലായിരുന്നു.

യുവതി രാവിലെ ജോലിക്ക് പോയതായിരുന്നു. എന്നാല്‍ വൈകീട്ട് ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു.

ആക്രമികള്‍ യുവതിയെ ഇ-റിക്ഷയിലാക്കി വീട്ടിലേക്കയച്ചുവെന്നും ഏഴ് മണിയോടെ യുവതി അവശനിലയില്‍ വീട്ടിലെത്തിയെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Again Hatras model gang rape in UP’s Balrampur; Dalit woman dies