Kerala News
ഇന്നലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ഇന്ന് ഡോക്ടര്‍; മദ്യപിച്ച് വാഹനമോടിച്ച് തലസ്ഥാനത്ത് വീണ്ടും അപകടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 04, 03:56 am
Sunday, 4th August 2019, 9:26 am

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ രണ്ടുദിവസത്തിനിടെ മദ്യപിച്ച് വാഹനമോടിച്ച് രണ്ടാമത്തെ അപകടം. ഇന്നു പുലര്‍ച്ചെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു.

ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശര്‍മയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടി ഒഴുകിപ്പടര്‍ന്നതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി റോഡ് കഴുകിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

ഇന്നലെ പുലര്‍ച്ചെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. വാഹനമോടിച്ച ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നു.

സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവിയാണ് ബഷീര്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.