ന്യൂദല്‍ഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയതിനെതിരെ പരാതികള്‍ ഉയരുമ്പോഴും വീണ്ടും വിവാദ പരാമര്‍ശവുമായി ബാബ രാംദേവ്.
രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ഐ.എം.എ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.
അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്നവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് രാംദേവ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അവരൊക്കെ വെറുതെ കിടന്ന് ബഹളം വെയ്ക്കുകയാണ്. തെമ്മാടി രാംദേവ്, തുറങ്കിലടയ്ക്കൂ അവനെ എന്നൊക്കെ വെറുതെ ഓരോ ട്രെന്റ് ഉണ്ടാക്കുകയാണ്. അവരുടെ തന്തയ്ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല,’ എന്നായിരുന്നു രാംദേവ് പറഞ്ഞത്.
നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാംദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവനന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എയും രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം, വാക്‌സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.
കൊവിഡിനെതിരെ രണ്ട് വാക്‌സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Again Derogatory Comments By Ramdev Goes Viral