| Sunday, 8th March 2020, 11:07 am

സംസ്ഥാനത്ത് വീണ്ടും കൊവിഡ്-19: സ്ഥിരീകരിച്ചത് പത്തനംതിട്ട സ്വദേശികളായ അഞ്ചു പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടു പേരുമടക്കം അഞ്ചുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കനത്ത ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചു.

ഇറ്റലിയില്‍ നിന്നും വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ലെന്നും ആരോഗ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബന്ധുക്കള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ നിന്നു വന്നവരെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ അവര്‍ അത് നിഷേധിച്ചുവെന്നും മന്ത്രി അറിയിച്ചു. പിന്നീട് നിര്‍ബന്ധിച്ച് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നുവെന്നും അതില്‍ കൊറോണ വൈറസ് പോസിറ്റീവ് ആയി ഫലം വരികയായിരുന്നുവെന്നും അറിയിച്ചു.

അഞ്ചു പേരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പത്തനംതിട്ടയില്‍ ഇക്കാര്യം അറിഞ്ഞതു മുതല്‍ തന്നെ അവിടുത്തെ ഡി.എം.ഒയുടെ നേതൃത്വത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നതും മറച്ചുവെക്കുന്നതും കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ ബാധിത മേഖലകളില്‍ നിന്നും തിരിച്ചു നാട്ടില്‍ വന്ന വരുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേകിച്ച് ഇറാന്‍, ഇറ്റലി, സൗദി, കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ വിമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മന്ത്രി വിശദീകരിച്ചു. വെനിസ് ദോഹ ഫ്‌ളൈറ്റില്‍
ഫെബ്രുവരി 29ാം തിയ്യതിയാണ് ഇറ്റലിയില്‍ നിന്നും വന്നതെന്നും മന്ത്രി അറിയിച്ചു. രോഗികളുമായി ഇടപെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more