| Saturday, 25th July 2020, 8:19 am

എന്നൊക്കെ ലാവ്‌ലിന്‍ കേസ് കൈകാര്യം ചെയ്തിട്ടുണ്ടോ അന്നൊക്കെ വി.എസിന് എന്നോട് പിണക്കമായിരിക്കും: അഡ്വ. സുധാകരപ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഡ്വക്കേറ്റ് ജനറല്‍ എന്ന രീതിയില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് ലാവ്‌ലിന്‍ കേസിലായിരുന്നുവെന്ന് സി.പി സുധാകരപ്രസാദ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാവ്‌ലിന്‍ കേസില്‍ പിണറായി ചെയ്തതെല്ലാം ശരിയാണെന്ന അഭിപ്രായമായിരുന്നു ആദ്യം മുതല്‍ എനിക്കുണ്ടായിരുന്നത്. അതിന് അനുസരിച്ചാണ് നിലപാട് സ്വീകരിച്ചത്. ലാവ്‌ലിന്‍ കേസില്‍ വി.എസിന്റെ ധാരണ മറിച്ചായിരുന്നല്ലോ. പക്ഷേ എന്റെ ബോധ്യത്തിന് അനുസരിച്ചാണ് കേസില്‍ നിലപാട് സ്വീകരിച്ചത്.’, സുധാകരപ്രസാദ് പറഞ്ഞു.

സത്യമെന്ന് വ്യക്തിപരമായി തോന്നിയതിനാലാണ് അത്തരമൊരു നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വലിയ സംഘര്‍ഷങ്ങളൊക്കെ ഉണ്ടായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ സ്ഥാനം വരെ പോകാമെന്ന അവസ്ഥയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതില്‍ നിന്നായിരുന്നു നിലപാട് സ്വീകരിച്ചത്. 90 ശതമാനമായിരുന്നു അന്ന് പവര്‍കട്ട്.

കാര്‍ത്തികേയന്‍ എസ്.എന്‍.സി ലാവ്‌ലിനുമായി കരാറുണ്ടാക്കിയിരുന്നു. അത് വേണ്ടെന്ന് വെച്ചാല്‍ പിണറായി വിജയനെന്ന ആള്‍ പവര്‍കട്ട് ഉണ്ടാക്കാന്‍ ഉപകരണമായി എന്നായിരിക്കും ജനം പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ത്തികേയന്റെ കണ്‍സള്‍ട്ടന്‍സി എഗ്രിമെന്റ് പിണറായി തുടരുകയാണ് ചെയ്തത്. വി.എസിനോടും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വി.എസ് അപ്പോള്‍ എതിരായി പറയും. എന്നൊക്കെ എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് താന്‍ കൈകാര്യം ചെയ്തിട്ടുണ്ടോ, അന്നെല്ലാം ഒരാഴ്ചത്തേക്ക് വി.എസിന് പിണക്കമായിരിക്കുനമെന്നും സുധാകരപ്രസാദ് പറഞ്ഞു.

‘ഒരാഴ്ച കഴിയുമ്പോള്‍ വി.എസ് എല്ലാം മറക്കും. വി.എസുമായി കോര്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് അറിയാമായിരുന്നു ഞാന്‍ സത്യസന്ധമായിട്ട് നിലപാട് എടുക്കുമെന്ന്. സത്യം വിട്ട് വി.എസും നിലപാട് സ്വീകരിക്കുമായിരുന്നില്ലല്ലോ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറല്‍ പദവി കൈകാര്യം ചെയ്തയാളാണ് സുധാകരപ്രസാദ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more