എറണാകുളം: ശബരിമലയില്‍ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍. സന്നിധാനത്ത് നടപ്പന്തലില്‍ ഞായറാഴ്ച പ്രശ്നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുമാണെന്നും എ.ജി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയെ അറിയിച്ചു.
എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും വിശ്വാസികള്‍ക്ക് ശബരിമലയില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും മൂന്നിടങ്ങളിലായി 4000 പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു.
സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ എ.ജി ബി.ജെ.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കി. സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ ക്രിമിനല്‍കേസിലെ പ്രതികളാണെന്നും തീര്‍ത്ഥാടകരെ തടഞ്ഞവര്‍ സാമൂഹിക വിരുദ്ധരാണെന്നും എജി കോടതിയില്‍ പറഞ്ഞു.
സര്‍ക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. നേരത്തെ പൊലീസിന്റെ സന്നിധാനത്തെ ഇടപെടല്‍ അതിരു കടക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി എ.ജിയോട് കോടതിയില്‍ ഹാജരാകാന്‍ പറയുകയായിരുന്നു.
വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കാരണങ്ങള്‍ എന്തൊക്കെ, ഓരോ നിലപാടുകള്‍ സ്വീകരിച്ചത് ആരൊക്കെ, ഉദ്യോഗസഥരുടെ ശബരിമലയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത്, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ മുന്‍ പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കണം. സന്നിധാനത്ത് ഒരേസമയം എത്രപേര്‍ക്ക് എവിടെയൊക്കെ തങ്ങാന്‍ സാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കണം.
Doolnews Video