അഫ്‌സല്‍ ഗുരു നിര്‍ബന്ധിത സ്വവര്‍ഗ്ഗരതിക്ക് വിധേയനായിരുന്നു: സഹ തടവുകാരന്‍
Daily News
അഫ്‌സല്‍ ഗുരു നിര്‍ബന്ധിത സ്വവര്‍ഗ്ഗരതിക്ക് വിധേയനായിരുന്നു: സഹ തടവുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th January 2015, 4:50 pm

Afsal Guru

ശ്രീനഗര്‍: 2001 ലെ പാര്‍ലമെന്റ് ആക്രമണകേസില്‍ പിടിയിലാവുകയും 2013 ല്‍ വധശിക്ഷക്ക് വിധേയനുമായ അഫ്‌സല്‍ ഗുരുവിനെ തീഹാര്‍ ജയിലിലെ മറ്റൊരു കുറ്റവാളി ഗുദരതിക്ക് നിര്‍ബന്ധിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. പാര്‍ലമെന്റ് ആക്രമണകേസിലെ അഫ്‌സലിന്റെ സഹ കുറ്റവാളിയാണ് ദി ഹിന്ദുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് മതത്തിന്റെ പേരുപറഞ്ഞ് താന്‍ അപമാനിക്കപ്പെട്ടുവെന്നും പാര്‍ലമെന്റ് ആക്രമണ കേസില്‍ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത എസ്.എ.ആര്‍ ഗീലാനി പറഞ്ഞു.

“കുറച്ചു ദിവസം എന്നെയും ഇരുട്ടറയ്ക്കുള്ളിലാക്കിയിരുന്നു. ആ ഇരുട്ടില്‍ എവിടെയൊ നിന്ന് രണ്ട് പോലീസുകാര്‍ തന്നെ മതത്തിന്റെ പേരുപറഞ്ഞ് അസഭ്യം പറയുന്നത് ഞാന്‍ കേട്ടു. രാജ്യദ്രോഹിയെന്നും ഞാനിതര്‍ഹിക്കുന്നുണ്ടെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.” ഗീലാനി പറഞ്ഞു.

“എനിക്ക് ശാരീരിക പീഡനങ്ങളേല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എന്റെയൊപ്പം സഹ കുറ്റവാളികളായ അഫ്‌സല്‍ ഗുരുവും ഷഫ്ഖത്ത് ഹുസ്സൈനും അനുഭവിച്ച പീഡനം തീര്‍ത്തും മനുഷ്യത്വരഹിതമായിരുന്നു” എന്ന ഗിലാനിയുടെ വാക്കുകള്‍ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

“അവരുടെ ദേഹത്ത് മൂത്രമൊഴിക്കുകയും അവരെ നിര്‍ബന്ധിച്ച് ഗുദരതിക്ക് വിധേയരാക്കുകയും ചെയ്തു. അബു ഗരീബ്‌ ജയിലിനെ കുറിച്ച് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ നമ്മുടെ ജയിലുകളും ദുര്‍ഗുണ പരിഹാര പാഠശാലകളും ഇതില്‍ നിന്നും ഒട്ടും പിറകിലല്ല.” എസ്.എ.ആര്‍ ഗിലാനി പറയുന്നു.

“സഹോദരനെ പിടികിട്ടാത്തതിന്റെ പേരില്‍ സുരക്ഷാസേനയുടെ പിടിയിലായ ഒരാളെ ഞാന്‍ കശ്മീരില്‍ കണ്ടുമുട്ടി. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന സമയത്ത് താന്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണയാള്‍ പറഞ്ഞത്. എന്നാല്‍ അയാളെ അടിച്ചിരുന്നോ തൊഴിച്ചിരുന്നോ ഭക്ഷണം നല്‍കിയിരുന്നോ ഉറങ്ങാന്‍ അനുവദിച്ചോ എന്നൊക്കെ ഞാന്‍ ചോദിച്ചപ്പോള്‍ “ഞാന്‍ കസ്റ്റഡിയിലായിരുന്നു ഹോട്ടലിലായിരുന്നില്ല” എന്നാണ് അയാളെന്നോട് പറഞ്ഞത്.

“അതായത് ഇതെല്ലാം അയാള്‍ അനുഭവിച്ചിരുന്നു എന്നര്‍ത്ഥം. ഇയാളുടെ സഹോദരന്റെ വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ടു. അയാളെ പിന്നീട് വിട്ടയക്കുകയും ചെയ്തു.” കശ്മീരില്‍ തടവുകാര്‍ പീഡിപ്പിക്കപ്പെട്ട 780 ഓളം കേസുകള്‍ രേഖപ്പെടുത്തിയ സമിത ചക്രവര്‍ത്തി പറയുന്നു.

“പീഡന മുറകളെല്ലാം വര്‍ഷങ്ങള്‍ കൊണ്ട് മാറിയിട്ടുണ്ട്. പണ്ട് അപരിഷ്‌കൃതമായ രീതിയിലാണ് ഇലക്ട്രിക് ഷോക്ക് നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ചോദ്യം ചെയ്യുന്ന ആള്‍ ഗ്ലൗസ് ധരിച്ചാണ് അത് ചെയ്യുക. വളരെ പരിഷ്‌കൃതമായ ബാറ്ററികളാണ് അയാളുടെ അടുത്തുണ്ടാവുക. ഇതെല്ലാം വളരെ ശാസ്ത്രീയമാണ്. ഒരടയാളം പോലുമില്ലാതെ എങ്ങനെ പീഡിപ്പിക്കണം എന്നും അവര്‍ക്കറിയാം.” സ്മിത പറയുന്നു.

മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിനായി അഫ്‌സല്‍ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചുനല്‍കണമെന്ന് കുടുംബാംഗങ്ങള്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്‌സലിന്റെ വധശിക്ഷ കശ്മീരില്‍ വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.