ഐ.പി.എല്‍ 2024ന് മുന്നോടിയായി നടന്ന താര ലേലത്തില്‍ യാഷ് ദയാലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. അഞ്ച് കോടി രൂപക്കായിരുന്നു ആര്‍.സി.ബി യാഷ് ദയാലിനെ സ്വന്തമാക്കിയത്.
ഈ ലേലത്തിന് പിന്നാലെ എന്നത്തേയും പോലെ ഐ.പി.എല്ലിനുമെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു. ഓരോ ടീമുകളും നിലനിര്‍ത്തിയ പല സൂപ്പര്‍ താരങ്ങള്‍ക്കും കുറഞ്ഞ തുക മാത്രം ലഭിക്കുമ്പോള്‍ അവരേക്കാള്‍ ടാലന്റും സ്റ്റാര്‍ വാല്യൂവും കുറഞ്ഞ താരങ്ങള്‍ക്ക് ലേലത്തില്‍ കൂടുതല്‍ തുക ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍ ഉയര്‍ന്നത്. ഇത്തവണ ഇത്തരത്തില്‍ രൂക്ഷമായ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നതാകട്ടെ യാഷ് ദയാലിനും.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന യാഷ് ദയാലിനെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല. 3.20 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണില്‍ താരത്തിന്റെ സാലറി. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആര്‍.സി.ബി താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ വിജയിക്കാന്‍ ഒരു ഓവറില്‍ 29 റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിങ് ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയതിന് പിന്നാലെയാണ് യാഷ് ദയാല്‍ എന്ന പേര് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ പരിചിതമായത്.
ഒരു ഓവര്‍ കൊണ്ട് കരിയര്‍ തന്നെ മാറി മറഞ്ഞ താരമായും ഇതോടെ യാഷ് മാറി. എന്നാല്‍ ഇതില്‍ തളര്‍ന്ന് പോകരുതെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരണമെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ളവര്‍ യാഷിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സീസണില്‍ ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന ഒരു പ്രകടനവും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ റിങ്കു സിങ് ആകട്ടെ, തന്റെ മികച്ച ഫോം തുടരുകയും ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സീസണില്‍ താരത്തിന് 55 ലക്ഷം രൂപയാണ് ഐ.പി.എല്‍ സാലറി ഇനത്തില്‍ ലഭിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ നിലനിര്‍ത്തിയതോടെയാണ് ഇത്. ഒരുപക്ഷേ താരത്തെ ലേലത്തില്‍ വിട്ടിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞത് പത്ത് കോടിയിലധികം ലഭിച്ചേക്കുമെന്നും ആരാധകര്‍ പറയുന്നുണ്ട്.
ഐ.പി.എല്ലിലെ ഈ നടപടികള്‍ പരിഹാസ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. യാഷ് ദയാലിനേക്കാള്‍ ടാലന്റില്‍ എത്രയോ മുമ്പില്‍ നില്‍ക്കുന്ന റിങ്കുവിന് ലഭിക്കുന്നതിനേക്കാള്‍ പത്തിരിട്ടി തുക ദയാലിന് ലഭിക്കുന്നതിലെ നീതികേടാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി റിങ്കു സിങ് അരങ്ങേറിയ അതേദിവസം തന്നെയാണ് ഇത് നടന്നതെന്നും ആരാധകര്‍ പറയുന്നു.
സ്റ്റീവ് സ്മിത്തും, ഫില്‍ സോള്‍ട്ടും അടക്കമുള്ള താരങ്ങള്‍ അണ്‍സോള്‍ഡായതും ട്രോളുകളില്‍ നിറയുന്നുണ്ട്.
Content Highlight: After Yash Dayal got 5 crores in IPL auction, fans share trolls