രണ്ട് ക്യാപ്റ്റന്‍മാര്‍ നേടി, രോഹിത് കൈവിട്ടു; മൂന്നാം ക്യാപ്റ്റന് കീഴില്‍ തോറ്റ് ഹാട്രിക് കൈവിട്ട് ഇന്ത്യ
Sports News
രണ്ട് ക്യാപ്റ്റന്‍മാര്‍ നേടി, രോഹിത് കൈവിട്ടു; മൂന്നാം ക്യാപ്റ്റന് കീഴില്‍ തോറ്റ് ഹാട്രിക് കൈവിട്ട് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th December 2024, 2:57 pm

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യ. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് മുമ്പിലാണ് ആതിഥേയര്‍.

സ്‌കോര്‍

ഓസ്‌ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

ഈ പരാജയത്തിന് പിന്നാലെ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ബോക്‌സിങ് ഡേ ഹാട്രിക് നേടുന്ന ടീം എന്ന നേട്ടവും ഇന്ത്യ കൈവിട്ടു. ഇതിന് മുമ്പ് പര്യടനത്തിനെത്തിയ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഹാട്രിക് വിജയത്തിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയും പരാജയപ്പെടുകയുമായിരുന്നു.

2018ലെ ബോക്സിങ് ഡേ ടെസ്റ്റില്‍ വിജയിച്ചാണ് ഇന്ത്യ ഈ സ്ട്രീക് ആരംഭിച്ചത്. അന്ന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെല്‍ബണില്‍ കങ്കാരുക്കളുടെ കണ്ണുനീര്‍ വീഴ്ത്തിയത്. ചേതേശ്വര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പിലും ജസ്പ്രീത് ബുംറയുടെ പേസ് കരുത്തിലുമാണ് ഓസ്‌ട്രേലിയ പരാജയം രുചിച്ചത്.

സ്‌കോര്‍

ഇന്ത്യ: 443/7d & 106/8d

ഓസ്‌ട്രേലിയ: 151 & 261 (T: 339)

ശേഷം, 2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ വീണ്ടും ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയിക്കുന്നത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. നായകന്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

ഓസ്‌ട്രേലിയ: 195 & 200

ഇന്ത്യ: 326 & 70/2 (T: 70)

ഇത്തവണ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. സൂപ്പര്‍ താരം സ്റ്റീസ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 197 പന്തില്‍ 140 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.

കഴിഞ്ഞ മൂന്ന് മത്സരത്തില്‍ നിന്നും വിഭിന്നമായി രോഹിത് ശര്‍മയാണ് യശസ്വി ജെയ്‌സ്വാളിനൊപ്പം ക്രീസിലെത്തിയത്. എന്നാല്‍ ക്യാപ്റ്റന്‍ വന്നതുപോലെ തിരിച്ചുനടന്നു. കെ.എല്‍. രാഹുലിനും വിരാട് കോഹ്‌ലിക്കും പ്രതീക്ഷ കാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റിഷബ് പന്ത് പതിവുപോലെ വിക്കറ്റ് വലിച്ചെറിഞ്ഞു.

സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയുടെ മൊമെന്റം തകര്‍ത്തത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ റണ്‍ ഔട്ടായാണ് താരം മടങ്ങിയത്. മറുവശത്തുള്ള വിരാട് കോഹ്‌ലിയുമുള്ള മിസ്‌കമ്മ്യൂണിക്കേഷന്‍ താരാത്തിന്റെ റണ്‍ ഔട്ടില്‍ കലാശിക്കുകയായിരുന്നു. 118 പന്തില്‍ 82 റണ്‍സ് നേടിയാണ് താരം പുറത്തായത്.

എന്നാല്‍ എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കരകയറ്റി. വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കി നഥാന്‍ ലിയോണാണ് മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് പൊളിച്ചത്. 162 പന്ത് നേരിട്ട താരം 50 റണ്‍സുമായി മടങ്ങി.

കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയ നിതീഷ് കുമാറിന്റെ കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 369ലെത്തി. 189 പന്ത് നേരിട്ട് 114 റണ്‍സാണ് താരം സ്വന്തമാക്കിയത്.

105 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കങ്കാരുക്കള്‍ 234ന് പുറത്തായി. 139 പന്തില്‍ 70 റണ്‍സടിച്ച മാര്‍നസ് ലബുഷാനാണ് ടോപ് സ്‌കോറര്‍. ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ലോവര്‍ ഓര്‍ഡറില്‍ നഥാന്‍ ലിയോണും ചെറുത്തുനിന്നു. ഇരുവരും 41 റണ്‍സ് വീതമാണ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

340 റണ്‍സ് ലക്ഷ്യവുമായി കളത്തിലിങ്ങിയ ഇന്ത്യയെ സമ്മര്‍ദത്തിലാക്കി രോഹിത് ശര്‍മ ഇത്തവണയും നിരാശപ്പെടുത്തി. ചത്താലും രണ്ടക്കം കടക്കില്ല എന്ന വാശിയുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒമ്പത് റണ്‍സടിച്ചാണ് താരം പുറത്തായത്. രാഹുല്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ വിരാട് അഞ്ച് റണ്‍സിനും മടങ്ങി.

ഒരുവശത്ത് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകരുമ്പോള്‍ മറുവശത്ത് ജെയ്‌സ്വാള്‍ ചെറുത്തുനിന്നു. നാലാം വിക്കറ്റില്‍ റിഷബ് പന്തിനെ ഒപ്പം കൂട്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കവെ ആ കൂട്ടുകെട്ട് തകര്‍ക്കാന്‍ പന്ത് തന്നെ മുന്‍കൈയെടുത്തു. ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ അനാവശ്യ ഷോട്ട് കളിച്ച് താരം മടങ്ങി.

ജഡേജയും റെഡ്ഡിയുമെല്ലാം വന്നതുപോലെ തിരിച്ചുനടന്നു. ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി ജെയ്‌സ്വാളും പുറത്തായി. 208 പന്ത് നേരിട്ട താരം 84 റണ്‍സ് നേടിയാണ് മടങ്ങിയത്.

ഒടുവില്‍ ഇന്ത്യ 155 റണ്‍സിന് പത്താം വിക്കറ്റും വലിച്ചെറിഞ്ഞു. ഇന്ത്യന്‍ നിരയില്‍ ജെയ്‌സ്വാളും പന്തുമൊഴികെ മറ്റൊരാള്‍ പോലും ഇരട്ടയക്കം കണ്ടില്ല.

ആതിഥേയര്‍ക്കായി പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കും ട്രാവിസ് ഹെഡുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

നാലാം ടെസ്റ്റിന് പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏക പോംവഴി.

 

Content highlight:  After winning back to back Boxing Day Test against Australia, India lost 3rd match