ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയുടെ ഭാര്യസഹോദരിയ്‌ക്കെതിരെ സി.ബി.ഐ നോട്ടീസ്. അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിറ ബാനര്‍ജിയ്ക്ക് സി.ബി.ഐ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് സഹോദരി മനേക ഗംഭീറിനും നോട്ടീസ് അയച്ചത്.
കല്‍ക്കരി അഴിമതികേസിലാണ് മനേകയ്ക്കും നോട്ടീസ് അയച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മനേകയോട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി അഭിഷേക് ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഭീഷണിപ്പെടുത്തി തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഞങ്ങള്‍ക്ക് നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്നിരുന്നാലും ഗൂഢാലോചനയിലൂടെ ഭീഷണിപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. പേടിപ്പിച്ച് നിര്‍ത്താന്‍ പറ്റുന്നവരല്ല ഞങ്ങള്‍’, അഭിഷേക് ബാനര്‍ജി പറഞ്ഞു.
അഭിഷേകിന്റെ ഭാര്യയ്ക്ക് സി.ബി.ഐ നോട്ടീസ് അയച്ചതില്‍ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിരുന്നു.
‘ഫെബ്രുവരി 19 ന് കൊല്‍ക്കത്ത കോടതി അമിത് ഷായ്‌ക്കെതിരെ സമന്‍സ് അയച്ചിരുന്നു. 2018ല്‍ ഒരു റാലിയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെ അഭിഷേക് ബാനര്‍ജി കൊടുത്ത കേസിലായിരുന്നു കോടതി സമന്‍സ് അയച്ചത്. ഫെബ്രുവരി 22 ന് അമിത് ഷായോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ കോടതിയില്‍ എത്താനായിരുന്നു ആവശ്യപ്പെട്ടത്. ഇപ്പോള്‍ സി.ബി.ഐ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തിയിരിക്കുന്നു’, എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്. ഇതിനിടയില്‍ തൃണമൂലിന്റെ പ്രധാന നേതാവായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്താല്‍ തൃണമൂലിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പി അത് ഉപയോഗിക്കുമെന്നും നിരീക്ഷണങ്ങളുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; After wife, CBI summons Abhishek Banerjee’s sister-in-law in alleged coal smuggling case