|

'രാഹുല്‍ ഗാന്ധി എവിടെ ?' 'അദ്ദേഹം ഇവിടെയുണ്ട്, വരും'; ലോക്‌സഭയില്‍ ഇന്നു ചര്‍ച്ചയായത് രാഹുലിന്റെ അസാന്നിധ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ആരംഭിച്ചിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാതിരുന്നത് ഏറെനേരം ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചു. മണിക്കൂറുകളോളം രാഹുലിന്റെ അസാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും സഭയില്‍ ചര്‍ച്ചയായി.

542 എം.പിമാരുടെ സത്യപ്രതിജ്ഞ രണ്ടുദിവസമായാണു നടക്കുന്നത്. ആദ്യദിവസം സത്യപ്രതിജ്ഞ ആരംഭിച്ചത് പ്രോട്ടേം സ്പീക്കറായ വിരേന്ദ്രകുമാറിലൂടെയാണ്. തുടര്‍ന്ന് കീഴ്‌വഴക്കം അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. അപ്പോഴാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ) അംഗം രാംദാസ് അതാവ്‌ലെ എഴുന്നേറ്റുനിന്ന് ‘രാഹുല്‍ ഗാന്ധി എവിടെ’ എന്നു ചോദിച്ചത്.

‘അദ്ദേഹം ഇവിടെയുണ്ട്, വരും’ എന്നായിരുന്നു പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നുയര്‍ന്ന മറുപടി. പക്ഷേ എന്നിട്ടും രാഹുലിനെ മണിക്കൂറുകളോളം സഭയില്‍ കണ്ടില്ല.

ഒടുവില്‍ താന്‍ ഉച്ചയ്ക്കുശേഷം സത്യപ്രതിജ്ഞ ചെയ്യുമെന്നു രാഹുല്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. ‘ലോക്‌സഭയിലെ എന്റെ തുടര്‍ച്ചയായ നാലാം അംഗത്വം ഇന്ന് ആരംഭിക്കുകയാണ്. കേരളത്തിലെ വയനാടിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് പാര്‍ലമെന്റിലെ എന്റെ പുതിയ ഇന്നിങ്‌സ് ആരംഭിക്കുന്നത്. ഉച്ചയ്ക്കുശേഷം ഞാന്‍ സത്യപ്രതിജ്ഞ ചെയ്യും.’

ട്വീറ്റോടെ രാഹുല്‍ വരില്ലെന്നുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമമാകുകയായിരുന്നു.

അതിനിടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചു. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച സോണിയാ ഗാന്ധി, മലയാളി എം.പിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശമുണ്ടായിട്ടും പല എം.പിമാരും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഏക എല്‍.ഡി.എഫ് അംഗം എ.എം ആരിഫ് മലയാളത്തിലാണു സത്യപ്രതിജ്ഞ ചെയ്തത്.

മലയാളിയായ കൊടിക്കുന്നിലിന്റെ ഹിന്ദി കേട്ട് ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതാണ് സോണിയ അത്തരത്തില്‍ നിലപാടെടുക്കാന്‍ കാരണം.

സത്യപ്രതിജ്ഞയ്ക്കു ശേഷം ഇരിപ്പിടത്തിലേക്കു പോയ കൊടിക്കുന്നിലിനെ തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയ, എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തൃഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സോണിയ, ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്ത് പറഞ്ഞു.