ഒറ്റ കണ്ടതിന് പിന്നാലെ റസൂല്‍ പൂക്കുട്ടിയെ നേരില്‍ കാണാനെത്തി ആരാധിക. ബെംഗളൂരുവില്‍ താമസിക്കുന്ന ജയനിയാണ് റസൂലിനെ കാണാനായി തന്നെ കേരളത്തിലേക്ക് വന്നത്. ചിത്രം കണ്ട ഉടന്‍ തന്നെ റസൂലിനെ കാണണമെന്ന് മെസേജ് അയച്ചുവെന്നും അത്രമാത്രം സിനിമ തന്നെ സ്വാധീനിച്ചുവെന്നും ജയനി പറഞ്ഞു. ഒറ്റ ഒരു എന്റര്‍ടെയ്ന്‍മെന്റിനായി മാത്രമുള്ള ചിത്രമല്ലെന്നും നല്ലൊരു സന്ദേശം കൊടുക്കുന്നുണ്ടെന്നും ജയനി പറഞ്ഞു.
‘തിയേറ്ററിലിരുന്ന് സിനിമ കണ്ടപ്പോള്‍ തന്നെ എനിക്കൊന്ന് കാണണം എന്ന് പറഞ്ഞ് ഞാന്‍ റസൂല്‍ സാറിന് മെസേജ് അയച്ചു. എവിടെയൊക്കെയോ ടച്ച് ചെയ്യുന്ന സിനിമയാണ്. കുട്ടികള്‍ ഉള്‍പ്പെടെ പോയി കാണേണ്ടതാണ്. വളരെ വ്യത്യസ്തമായ എക്‌സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് വാക്കുകളില്ല.
ഞാന്‍ ബെംഗളൂരുവില്‍ നിന്നാണ് വരുന്നത്. ഒരുപാട് സിനിമകള്‍ കാണാറുണ്ട്. എന്നാല്‍ ചിന്തിപ്പിക്കുന്ന സിനിമകള്‍ വളരെ അപൂര്‍വമായാണ് കാണുന്നത്. ആസിഫ് അലിയോ അര്‍ജുന്‍ അശോകനോ മാത്രമല്ല, ഓരോ കഥാപാത്രവും നല്ലതാണ്. ഓരോ ആളുകള്‍ ചെയ്ത കഥാപാത്രവും അത്രയും ശക്തമായതുകൊണ്ട് മാത്രമാണ് ഈ സിനിമ ഇന്ന് ഈ സിറ്റുവേഷനില്‍ എത്തിനില്‍ക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് മാത്രമല്ല ഈ സിനിമ, ഇതൊരു മെസേജ് ആണ്. ആ മെസേജ് എല്ലാവരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നല്ലതാണ്,’ ജയനി പറഞ്ഞു.
റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനായ ഒറ്റ ഒക്ടോബര്‍ 27നാണ് റിലീസ് ചെയ്തത്. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: After watching ‘Ota’, the fan came to meet Rasool Pookkutty in person