| Monday, 9th December 2024, 8:10 am

ചരിത്രത്തിലെ രണ്ടാമത് ക്യാപ്റ്റന്‍; നാണക്കേട്! വിരാടിനെ ഒറ്റയ്ക്കാക്കാതെ രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിച്ച് ആതിഥേയര്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിങ്സ് തോല്‍വി വഴങ്ങുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം കങ്കാരുക്കള്‍ വിയര്‍ക്കാതെ മറികടന്നു.

സ്‌കോര്‍

ഇന്ത്യ: 180 & 175

ഓസ്ട്രേലിയ: 337 & 19/0 (T: 19)

ഇതോടെ ഒരു മോശം റെക്കോഡാണ് രോഹിത് ശര്‍മയെ തേടിയെത്തിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പത്ത് വിക്കറ്റിന് പരാജയപ്പെടുന്ന രണ്ടാമത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന അനാവശ്യ റെക്കോഡാണ് രോഹിത് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. വിരാട് കോഹ്‌ലിയാണ് ഈ മോശം നേട്ടം തന്റെ പേരില്‍ കുറിച്ച  ആദ്യ ക്യാപ്റ്റന്‍.

2020ലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് വിരാടിന് കീഴില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ ടെസ്റ്റ് പരാജയം ഏറ്റുവാങ്ങുന്നത്. ടിം സൗത്തി പന്തുകൊണ്ട് മായാജാലം കാണിച്ച ബേസിന്‍ റിസര്‍വിലായിരുന്നു വിരാടിന്റെയും സംഘത്തിന്റെയും തോല്‍വി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ ഒമ്പത് റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ കിവികള്‍ മറികടക്കുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ: 165 & 191

ന്യൂസിലാന്‍ഡ്: 348 & 9/0 (T:9)

ടി-20 ലോകകപ്പുകളിലാണ് വിരാടിനും രോഹിത്തിനും കീഴില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയത്. വിരാടിന് കീഴില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനോടായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും പരാജയം.

2021 ഒക്ടോബര്‍ 24ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാരുന്നു ഇന്ത്യ – പാകിസ്ഥാന്‍ മത്സരം അരങ്ങേറിയത്. രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കാവുകയും വിരാട് അര്‍ധ സെഞ്ച്വറി നേടുകയും ചെയ്ത മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രിദിയാണ് ഇന്ത്യയുടെ താളം തെറ്റിച്ചത്.

152 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെയും (55 പന്തില്‍ 79*) ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും (52 പന്തില്‍ 68*) കരുത്തില്‍ പത്ത് വിക്കറ്റിന് വിജയിച്ചു.

തൊട്ടടുത്ത ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ പരാജയം നേരിടേണ്ടി വന്നത്. ഹര്‍ദിക് പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തല്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ജോസ് ബട്‌ലറും അലക്‌സ് ഹേല്‍സും ചേര്‍ന്ന് അനായാസം അടിച്ചെടുക്കുകയായിരുന്നു.

ഹേല്‍സ് 47 പന്തില്‍ പുറത്താകാതെ 86 റണ്‍സ് നേടിയപ്പോള്‍ 49 പന്തില്‍ 80 റണ്‍സാണ് ക്യാപ്റ്റന് ബട്‌ലര്‍ സ്വന്തമാക്കിയത്. നാല് ഓവര്‍ ശേഷിക്കവെയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഏകദിനത്തില്‍ ഓസ്‌ട്രേലിയയാണ് രണ്ട് ക്യാപ്റ്റന്‍മാര്‍ക്കും പത്ത് വിക്കറ്റിന്റെ പരാജയം സമ്മാനിച്ചത്. ഹോം കണ്ടീഷനിലാണ് ഈ രണ്ട് പരാജയവും ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത് എന്നതും ശ്രദ്ധേയമാണ്.

2020ല്‍ ആരോണ്‍ ഫിഞ്ചിന് കീഴില്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ചു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഡേവിഡ് വാര്‍ണറിന്റെയും (128*) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും (110*) സെഞ്ച്വറി കരുത്തില്‍ മറികടന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2023ലാണ് സ്വന്തം തട്ടകത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡും സ്വന്തമാക്കിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് രണ്ടാം മത്സരത്തില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 117 റണ്‍സിന് പുറത്തായി. 31 റണ്‍സടിച്ച വിരാടായിരുന്നു ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 11 ഓവറില്‍ 121 റണ്‍സ് നേടി അവര്‍ മത്സരം വിജയിപ്പിക്കുകയും ചെയ്തു.

Content Highlight: After Virat Kohli, Rohit Sharma becomes the 1st Indian captain to lose in all formats by 10 wickets

Video Stories

We use cookies to give you the best possible experience. Learn more