| Wednesday, 8th June 2022, 3:53 pm

കോഹ്‌ലിക്ക് മാത്രമല്ല, ഇന്‍സ്റ്റയില്‍ തഗ്ഗടിക്കാന്‍ ഇങ്ങേരെക്കൊണ്ടും പറ്റും; കോഹ്‌ലിക്ക് പിന്നാലെ ചര്‍ച്ചയായി നെഹ്‌റ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്‍സ്റ്റഗ്രാമില്‍ 200 മില്യണ്‍ ഫോളോവേഴ്‌സിനെ നേടുന്ന മൂന്നാമത് മാത്രം സ്പോര്‍ട്‌സ് താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണോള്‍ഡോയും ലയണല്‍ മെസിയുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് സ്‌പോര്‍ട്‌സ് താരങ്ങള്‍.

കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തരംഗമാവുമ്പോഴാണ് മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

മുന്‍ ഇന്ത്യന്‍ താരവും ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ച, ഐപി.എല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനായ ആശിഷ് നെഹ്‌റയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

താരത്തിന്റെ ഇന്‍സ്റ്റ അക്കൗണ്ട് എടുത്ത് നോക്കിയാല്‍ ‘ആശിഷ് നെഹ്‌റ 64, പോസ്റ്റ് 0, ഫോളോവേഴ്‌സ് 36.5 k, ഫോളോയിംഗ് 0’ എന്നിങ്ങനെയാവും കാണുക. ടാഗില്‍ പോലും ഒരു പോസ്റ്റുമില്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

ഇതിനോടൊപ്പം തന്നെ നെഹ്‌റ മുന്‍പ് പറഞ്ഞ വാക്കുകളും ചേര്‍ത്ത് വായിക്കാവുന്നത്. ‘എനിക്ക് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ല, എനിക്ക് ആകെ അറിയുന്നത് വിക്കറ്റെടുക്കാന്‍ മാത്രമാണ്,’ എന്നായിരുന്നു നെഹ്‌റ നേരത്തെ പറഞ്ഞത്.

ഐ.പി.എല്‍ 2022ല്‍ ഗുജറാത്തിനെ കിരീടം ചൂടിച്ചത് ആശിഷ് നെഹ്‌റ എന്ന ഒറ്റയാളുടെ നിശ്ചയദാര്‍ഡ്യമൊന്നുകൊണ്ടുമാത്രമായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.

മറ്റു ടീമുകളും താരങ്ങളും നെഹ്‌റയെയും ടൈറ്റന്‍സിനെയും എഴുതി തള്ളിയപ്പോല്‍ കിരീടം നേടിയെടുത്താണ് നെഹ്‌റ അവര്‍ക്കുള്ള മറുപടി നല്‍കിയത്.

ഇതോടെ ഷെയ്ന്‍ വോണിനും റിക്കി പോണ്ടിംഗിനും ശേഷം കളിക്കാരനായും പരിശീലകനായും കിരീടം നേടിയ മൂന്നാമത് താരമാവാനും നെഹ്‌റയ്ക്കായി.

ഗുജറാത്തിന്റെ ഹെഡ് കോച്ചായി നെഹ്റ നടത്തിയ ഇടപെടലുകള്‍ ടീമിന്റെ സക്സസ് മന്ത്രയില്‍ ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്. ഒടുവില്‍ ഐ.പി.എല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ഹെഡ് കോച്ചായി മാറിയിരികക്കുകയാണ് ആഷിഷ് നെഹ്റ.

മുമ്പ് നടന്ന 14 സീസണുകളിലും ഐ.പി.എല്‍ ജേതാക്കളായ ടീമുകളുടെയെല്ലാം ഹെഡ് കോച്ചുമാരെല്ലാവരും വിദേശികളായിരുന്നു. ഗുജറാത്തിന്റെ പടത്തലവനായി ആഷിഷ് നെഹ്റ ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു.

Content Highlight: After Virat Kohli, Ashish Nehra’s Instagram account is also being discussed

We use cookies to give you the best possible experience. Learn more