വിരാടിനും രോഹിത്തിനും ശേഷം ഐക്കോണിക് ട്രിപ്പിളിലേക്ക് ബാബറും; വെറും നാല് റണ്‍സില്‍ നേടിയത് ക്രിക്കറ്റിലെ ചരിത്ര നേട്ടം
Sports News
വിരാടിനും രോഹിത്തിനും ശേഷം ഐക്കോണിക് ട്രിപ്പിളിലേക്ക് ബാബറും; വെറും നാല് റണ്‍സില്‍ നേടിയത് ക്രിക്കറ്റിലെ ചരിത്ര നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th December 2024, 11:38 am

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ആതിഥേയര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പ്രോട്ടിയാസ് 211 റണ്‍സിന് പാകിസ്ഥാനെ പുറത്താക്കി.

സൂപ്പര്‍ താരം കമ്രാന്‍ ഗുലാമിന്റെ അര്‍ധ സെഞ്ച്വറിയാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 71 പന്ത് നേരിട്ട താരം 54 റണ്‍സ് നേടി മടങ്ങി. ആമിര്‍ ജമാല്‍ (27 പന്തില്‍ 28 റണ്‍സ്), മുഹമ്മദ് റിസ്വാന്‍ (62 പന്തില്‍ 27) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

സ്റ്റാര്‍ പേസര്‍ നസീം ഷായും സൂപ്പര്‍ താരം ബാബര്‍ അസവും മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കാണാതെ പുറത്തായത്. നസീം ഷാ സില്‍വര്‍ ഡക്കായപ്പോള്‍ 11 പന്തില്‍ നാല് റണ്‍സാണ് ബാബര്‍ നേടിയത്.

ആകെ നേടിയത് നാല് റണ്‍സാണെങ്കിലും ഒരു ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ബാബറിന് സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ബാബര്‍ കാലെടുത്ത് വെച്ചത്.

സൗത്ത് ആഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന് മുമ്പായി 3,997 റണ്‍സാണ് ബാബറിന്റെ പേരിലുണ്ടായിരുന്നത്. വെറും മൂന്ന് റണ്‍സ് നേടിയാല്‍ ഈ റെക്കോഡ് സ്വന്തമാക്കാമെന്നിക്കവെയാണ് ബാബര്‍ ഒരു റണ്‍സ് അധികം നേടിയത്.

ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

ഓരോ ഫോര്‍മാറ്റിലും ഇവര്‍ നേടിയ റണ്‍സ് പരിശോധിക്കാം.

ടെസ്റ്റ്

വിരാട് കോഹ്‌ലി – 9,166
രോഹിത് ശര്‍മ – 4289
ബാബര്‍ അസം – 4,001

ഏകദിനം

വിരാട് കോഹ്‌ലി – 13,906
രോഹിത് ശര്‍മ – 10,866
ബാബര്‍ അസം – 5,957

ടി-20

രോഹിത് ശര്‍മ – 4231
ബാബര്‍ അസം – 4223
വിരാട് കോഹ്‌ലി – 4188

(ഇന്ത്യ – ഓസ്‌ട്രേലിയ ബോക്‌സിങ് ടെസ്റ്റ് പരിഗണിക്കാതെയുള്ള കണക്കുകള്‍)

അതേസമയം, സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ സ്പിന്നര്‍ ഡെയ്ന്‍ പാറ്റേഴ്‌സണാണ് പാകിസ്ഥാനെ പിടിച്ചുകെട്ടിയത്. ബാബര്‍ അസമിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റുമായി തന്റെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും കഗീസോ റബാദ കാര്യമായി റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞു.

അതേസമയം, ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 82/3 എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. ടോണി ഡി സോര്‍സി (എട്ട് പന്തില്‍ രണ്ട്), റിയാന്‍ റിക്കല്‍ടണ്‍ (പത്ത് പന്തില്‍ എട്ട്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (28 പന്തില്‍ ഒമ്പത്) എന്നിവരുടെ വിക്കറ്റാണ് പ്രോട്ടിയാസിന് ആദ്യ ദിനം നഷ്ടമായത്. 67 പന്തില്‍ 47 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 23 പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയുമാണ് ക്രീസില്‍.

 

Content Highlight: After Virat Kohli and Rohit Sharma, Babar Azam becomes the only  player to complete 4,000 runs in all formats