| Thursday, 5th August 2021, 1:46 pm

പാല്‍ക്കാരനും കൂലിപ്പണിക്കാരനുമൊന്നും നികുതി ഇളവ് തേടി വരുന്നില്ലല്ലോ; ആഡംബര കാര്‍ വിഷയത്തില്‍ വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമര്‍ശിച്ച് കോടതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിജയ്ക്ക് പിന്നാലെ ധനുഷിനെതിരെയും ആഡംബര കാറുകളുടെ നികുതിയുമായി ബന്ധപ്പെട്ട് കോടതിയുടെ വിമര്‍ശനം. ഇംഗ്ലണ്ടില്‍ നിന്നും റോള്‍സ് റോയ്‌സ് ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് 2015ല്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി വിമര്‍ശനം നടത്തിയത്.

2018 സെപ്റ്റംബറില്‍ ഹരജിയുമായി ബന്ധപ്പെട്ട നടപടികളെല്ലാം സുപ്രീം കോടതിയില്‍ വെച്ച് പൂര്‍ത്തിയാക്കിയ ശേഷവും ധനുഷ് നികുതിയടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കോടതി കുറ്റപ്പെടുത്തി.

നികുതിയുടെ 50 ശതമാനം ധനുഷ് അടച്ചുകഴിഞ്ഞെന്നും ബാക്കി തുക അടക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഹരജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുവദിച്ചില്ല. ‘നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷെ ഇപ്പോള്‍ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍, 2018ല്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷമെങ്കിലും നിങ്ങള്‍ നികുതി അടക്കുമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഹൈക്കോടതി ഹരജിയില്‍ വിധി പറയാന്‍ പരിഗണിച്ചപ്പോഴാണ് നിങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വരുന്നത്.

ഇവിടുത്തെ സാധാരണക്കാര്‍ നല്‍കിയ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച റോഡുകളിലൂടെയാണ് നിങ്ങള്‍ ആഡംബര കാറുകള്‍ ഓടിക്കുന്നത്. ഇവിടെ പാല്‍ക്കാരനും ദിവസക്കൂലിക്കാരനും വരെ വാങ്ങിക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി കൊടുക്കുന്നുണ്ട്.

അവരാരും നികുതിയില്‍ ഇളവ് വേണമെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ വന്നില്ലല്ലോ. എന്തായാലും ഞാന്‍ അങ്ങനെയൊരു ഹരജി എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള ഹരജികള്‍ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ശരിക്കും പ്രാധാന്യം നല്‍കേണ്ട പല ഹരജികളും പരിഗണിക്കാന്‍ കോടതിക്ക് സമയം കിട്ടാത്തത്,’ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം പറഞ്ഞു.

ഉച്ചക്ക് 2.15ന് മുന്‍പ് ബാക്കിയുള്ള നികുതിയടക്കണമെന്നും അതിനുശേഷം ഹരജി സംബന്ധിച്ച വിധി പ്രഖ്യാപിക്കാമെന്നുമാണ് കോടതി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട നികുതി വിഭാഗം ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

നേരത്തെ വിജയ്‌ക്കെതിരെയും സമാനമായ വിമര്‍ശനം കോടതി ഉന്നയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതി ചുമത്തിയതിനെ ചോദ്യം ചെയ്തായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴയിടുകയായിരുന്നു.

ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ജൂലൈ 13ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു. സിനിമയിലെ സൂപ്പര്‍ ഹീറോ വെറും റീല്‍ ഹീറോ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണം എന്നുമായിരുന്നു ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം ഉത്തരവില്‍ പറഞ്ഞത്.

ഈ വിധിയെ ചോദ്യംചെയ്തു കൊണ്ട് വിജയ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. നിശ്ചിത നികുതി അടക്കാന്‍ തയ്യാറാണെന്ന് വിജയ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് വിജയ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ കേസുകളില്‍ കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു വിജയ്‌യുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: After Vijay, actor Dhanush faces wrath of Madras high court for seeking Rolls Royce tax exemption

We use cookies to give you the best possible experience. Learn more