ന്യൂദല്‍ഹി: ദല്‍ഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ അടച്ചുപൂട്ടുന്നുവെന്ന് മനേക ഗാന്ധി. സെന്ററില്‍ ചികിത്സയ്‌ക്കെത്തിച്ച തെരുവ് നായയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് അടച്ചുപൂട്ടല്‍. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചതായി മനേക ഗാന്ധി അറിയിച്ചു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സെന്ററില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും താത്കാലിക ജീവനക്കാരെ വെച്ചാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും മനേക പറഞ്ഞു.
‘കഴിഞ്ഞദിവസമാണ് ഗുരുതരമായി പരിക്കേറ്റ തെരുവ് നായയെ ചികിത്സയ്ക്കായി സെന്ററിലെത്തിച്ചത്. പരിക്കിന്റെ വേദനയില്‍ നായ വളരെ അക്രമാസക്തയായി ഒരു ജീവനക്കാരനെ കടിച്ചിരുന്നു. വേദനയുടെ ആഘാതത്തില്‍ സെന്ററിലെ ജീവനക്കാരന്‍ നായയെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് നായ മരണപ്പെടുകയും ചെയ്തു,’ മനേക പറഞ്ഞു.
ജീവനക്കാരന്‍ നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സഞ്ജയ് ഗാന്ധി അനിമല്‍ സെന്ററിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.
സംഭവം തന്നെ ഞെട്ടിപ്പിച്ചുവെന്നായിരുന്നു മനേകയുടെ ആദ്യ പ്രതികരണം. ക്രൂരത ചെയ്ത ജീവനക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും അയാളെ അറസ്റ്റ് ചെയ്തതായും മനേക പിന്നീട് അറിയിച്ചിരുന്നു.
തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സെന്റര്‍ അടച്ചിടാന്‍ തീരുമാനമായതെന്നും മനേക പറയുന്നു. 40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള സ്ഥാപനമാണ് സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ എന്നും അതിന്റെ അടിത്തറയിളക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നതെന്നും മനേക കൂട്ടിച്ചേര്‍ത്തു.
കെയര്‍ സെന്ററിലെ നിലവിലെ എല്ലാ ജീവനക്കാരുടെയും പ്രവര്‍ത്തന രീതി കൃത്യമായി പരിശോധിക്കുമെന്നും അതിന് അനുസരിച്ച് സ്ഥാപനത്തെ നവീകരിക്കുമെന്നും മനേക പറഞ്ഞു.