ഭോപ്പാല്‍: വരാണസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിന് പിന്നാലെ നവീകരണത്തിനൊരുങ്ങി മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രസമുച്ചയവും. 714 കോടി മുടക്കുന്ന ക്ഷേത്ര നവീകരണത്തിലെ ഏറ്റവും പ്രധാന ഘടകം ലൈറ്റിംഗും സൗണ്ട് സിസ്റ്റവും ആയിരിക്കും. അടുത്ത മൂന്ന് മാസത്തിനകം നവീകരണത്തിന്റെ ആദ്യഭാഗം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ക്ഷേത്രനവീകരണത്തിന്റെ പുരോഗതി വിലയിരുത്താന്‍ വെള്ളിയാഴ്ച ഭോപ്പാലില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ 90 ശതമാനം ജോലികളും നേരത്തെ പൂര്‍ത്തിയായതാണ്.
ആകെ ചെലവാകുന്ന 714 കോടിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 421 കോടിയാണ് ചെലവഴിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 271 കോടിയും മാനേജിംഗ് കമ്മിറ്റി 21 കോടിയും ചെലവഴിക്കും.
അടുത്ത മൂന്ന് മാസത്തിനിള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. നവീകരിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശിവരാജ് സിംഗ് ചൗഹാന്‍ ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ ക്ഷണിക്കും. നേരത്തെ വാരാണസിയിലെ നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴി ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോദിയായിരുന്നു.
മഹാകാലേശ്വര ക്ഷേത്രത്തിന്റെ നവീകരണത്തിന് പുറമേ, ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും താമസിക്കാന്‍ ഉതകുന്ന വിധത്തില്‍ ഉജ്ജയിനിയിലെ മറ്റ് ക്ഷേത്രങ്ങളും നവീകരിക്കണമെന്നും ചൗഹാന്‍ നിര്‍ദേശിച്ചു.
മാര്‍ച്ച് ഒന്നിന് നടക്കുന്ന മഹാശിവരാത്രി ഉത്സവത്തില്‍ ഉജ്ജയിനിലെ എല്ലാ വീടുകളും മണ്‍വിളക്കുകള്‍ കൊണ്ട് പ്രകാശിക്കുന്നതായി കാണുമെന്ന് ചൗഹാന്‍ പറഞ്ഞു. ക്ഷേത്രനവീകരണത്തിന്റെ രണ്ട് ഘട്ടങ്ങളും 2023 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
399 കോടി ചെലവഴിച്ച് പണിത വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ ഡിസംബറിലാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് മോദി ഉദ്ഘാടനം ചെയ്തത്.
Content Highlight: after-varanasis-kashi-vishwanath-corridor-complex-ujjains-expanded-mahakal-temple-complex-