പാലക്കാട്: ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനൊരുങ്ങിയ പൊതുമേഖലാ സ്ഥാപനം ബെമല്‍ (ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്). വന്ദേഭാരതിന് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിച്ചതും ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ബെമലായിരുന്നു.
മുംബൈ-അലഹബാദ് ഹൈസ്പീഡ് പാതയ്ക്കുവേണ്ടിയാണ് നിലവില്‍ ബെമല്‍ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. രണ്ട് ബുള്ളറ്റ് ട്രെയിനുകളാണ് ബെമല്‍ ഇന്ത്യക്ക് വേണ്ടി നിര്‍മിച്ചു നല്‍കുക. ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡറില്‍ ബെമല്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിര്‍മിക്കാനുള്ള ചുമതല ലഭിക്കുകയായിരുന്നു.
ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ബെമല്‍ ഉണ്ടായിരുന്നിട്ടും വിദേശത്ത് നിന്നും വന്‍വിലയ്ക്ക് ട്രെയിനുകള്‍ ഇറക്കുമതി ചെയ്യാനായിരുന്നു കേന്ദ്രം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ വിദേശ കമ്പനികള്‍ അമിതവില ആവശ്യപ്പെട്ടതും നേരത്തെ വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ പകുതി വിലയിക്ക് നിര്‍മിച്ച് കൊടുത്തതും ബെമലിന് ടെന്‍ഡര്‍ ലഭിക്കാന്‍ കാരണമായി. കൂടാതെ വന്ദേഭാരതിന് പകുതി വിലയ്ക്ക് നിര്‍മിച്ച് നല്‍കിയ കോച്ചുകള്‍ മികച്ച നിലവാരത്തിലുള്ളതായതിനാലും ബെമലിനെ പരിഗണിക്കുന്നതിന് മുന്‍തൂക്കം ലഭിച്ചു.
ഏറെ കാലങ്ങളായി കേന്ദ്രത്തിന്റെ അവഗണന നേരിടുന്ന പൊതുമേഖലാ സ്ഥാപനമാണ് ബെമല്‍. കോര്‍പ്പറേറ്റ്‌വത്ക്കരണത്തിന്റെ ഇര കൂടിയായ ബെമല്‍ പൊതുമേഖലാ സ്ഥാപനമായി തുടരുന്നത് വില്‍പ്പനക്കെതിരെ നടക്കുന്ന തൊഴിലാളികളുടെ കനത്ത പ്രതിഷേധം കാരണമാണ്.
കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ 1348 ദിവസത്തിലധികമായി ബെമലിന്റെ കഞ്ചിക്കോട് യൂണിറ്റില്‍ തൊഴിലാളികളുടെ അനിശ്ചിത കാല പ്രതിഷേധം നടക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബെമലിന് പാലക്കാട്, മൈസൂര്‍, കോലാര്‍ ഖനി, ബെംഗളൂരു എന്നിവിടങ്ങളിലും യൂണിറ്റുകള്‍ ഉണ്ട്.
എട്ട് കോച്ചുള്ള രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ ഉണ്ടാക്കാനാണ് ബെമലിന് കേന്ദ്രം കരാര്‍ നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ മുതല്‍ 280 കിലോമീറ്റര്‍വരെ വേഗമുള്ള ട്രെയിനാണ് നിര്‍മിക്കുന്നത്. 2026 ഓടുകൂടി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ട്രെയിനിനു മാത്രം ഏകദേശം 200 മുതല്‍ 250 കോടി രൂപ വരെ ചെലവാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: after vandebharath the public sector enterprise BEMAL which is ready to build the bullet train has been put up for sale by the centre