ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി അസം സര്‍ക്കാര്‍
NATIONALNEWS
ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി അസം സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th February 2024, 9:35 pm

ഗുവാഹത്തി: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കാനുള്ള നീക്കവുമായി അസം സര്‍ക്കാര്‍. യു.സി.സി ബില്‍ ഉടനെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് യു.സി.സി അവതരിപ്പിക്കാന്‍ അസം സര്‍ക്കാര്‍ ആലോചിക്കുന്നതായി സംസ്ഥാന ജലസേചന മന്ത്രി ജയന്ത മല്ല ബറുവ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിന്റെ വ്യത്യസ്ത വീക്ഷണങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ച നടത്താനാണ് മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തതെന്നും ജയന്ത മല്ല പറഞ്ഞു. സംസ്ഥാനത്തെ ആദിവാസികള്‍ക്ക് യു.സി.സിയില്‍ ചില ഇളവുകള്‍ ഉണ്ടായേക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസം സര്‍ക്കാര്‍ അസംബ്ലിയുടെ ബജറ്റ് സമ്മേളനത്തില്‍ യു.സി.സി നടപ്പിലാക്കുന്നതിനുള്ള ബില്ലുമായി എത്തിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

‘അസമില്‍ യു.സി.സി അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്. എന്നാല്‍ ഞങ്ങള്‍ ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഏകീകൃത സിവില്‍ കോഡ് ബില്‍ കാണാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചത്.

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ബില്‍ പ്രാബല്യത്തില്‍ വരുത്തിയത്.

പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റത്തിന് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലും ഉള്‍പ്പെട്ട പൗരന്മാര്‍ക്ക് ഒരു നിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലം മുതല്‍ ഗോവയില്‍ ഏക സിവില്‍ കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.

Content Highlight: After Uttarakhand, Assam government is all set to implement Uniform Civil Code