ഈ വിഷയവുമായി ബന്ധപ്പെട്ട ആരെ വേണമെങ്കിലും വിളിപ്പിക്കാനുള്ള അവകാശം കമ്മിറ്റിക്കുണ്ട്.
ന്യൂദല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്ന് പാര്‍ലമെന്ററി കമ്മിറ്റി. ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും വിളിപ്പിക്കാന്‍ കമ്മിറ്റി അധികാരമുണ്ടെന്നും പാര്‍ലമെന്ററി പാനലിന്റെ തലവന്‍ വി.കെ തോമസ് അറിയിച്ചു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് കമ്മിറ്റിക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഇതിനകം നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ജനുവരി 20ന് ഹാജരാവാനാണ് നിര്‍ദേശം. ഇതിനുശേഷമായിരിക്കും മോദിയെ വിളിക്കണോയെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
” ഈ വിഷയവുമായി ബന്ധപ്പെട്ട ആരെ വേണമെങ്കിലും വിളിപ്പിക്കാനുള്ള അവകാശം കമ്മിറ്റിക്കുണ്ട്. പക്ഷെ അതെല്ലാം ജനുവരി 20ലെ യോഗത്തിനുശേഷമേ തീരുമാനിക്കൂ. കമ്മിറ്റിയിലെ അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാം.” അദ്ദേഹം വ്യക്തമാക്കി.
നോട്ടുനിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം തന്നോടു പറഞ്ഞത് 50 ദിവസങ്ങള്‍കൊണ്ട് കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാവുമെന്നാണ്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ മെച്ചപ്പെട്ടതായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോള്‍ മുറിയല്‍ പ്രശ്‌നങ്ങളുള്ള, മതിയായ ടെലികോം സൗകര്യങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്ത് എങ്ങനെയാണ് കറന്‍സി രഹിത ഇടപാടുകള്‍ നടക്കുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതെന്നും തോമസ് ചോദിച്ചു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പത്ത് സുപ്രധാന ചോദ്യങ്ങള്‍ അടങ്ങിയ നോട്ടീസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റി ഇതിനകം നല്‍കിക്കഴിഞ്ഞു. നിരോധിക്കപ്പെട്ട നോട്ടുകളുടെ കൃത്യമായ മൂല്യം എത്ര, എത്രത്തോളം കള്ളപ്പണം പിടിച്ചെടുക്കാനായി, നോട്ടുനിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടതാര് തുടങ്ങിയ ചോദ്യങ്ങളടങ്ങിയ നോട്ടീസാണ് ഊര്‍ജിത് പട്ടേലിനു നല്‍കിയിട്ടുള്ളത്.