യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡിന് പിന്നാലെ മധ്യപ്രദേശില്‍ ആന്റി മജ്‌നു സ്‌ക്വാഡ് രൂപീകരിച്ച് ബി.ജെ.പി
India
യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡിന് പിന്നാലെ മധ്യപ്രദേശില്‍ ആന്റി മജ്‌നു സ്‌ക്വാഡ് രൂപീകരിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2017, 11:21 am

ന്യൂദല്‍ഹി: യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡിനെ പിന്തുടര്‍ന്ന് മധ്യപ്രദേശില്‍ ആന്റി മജ്‌നു സക്വാഡ് രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ പൂവാലന്‍മാരെ കൈകാര്യം ചെയ്യുകയാണ് ആന്റി മജ്‌നു സ്‌ക്വാഡിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

സംസ്ഥാനത്തെ മജ്‌നുമാരെ മാറ്റിയെടുക്കാന്‍ വേണ്ടിയാണ് മജ്‌നു സ്‌ക്വാഡ് രൂപീകരിക്കുന്നത്. ബഹുമാനം എന്താണെന്ന് ഇക്കൂട്ടര്‍ക്ക് അറിയില്ല. ഇത്തരക്കാര്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചവരില്ല. അതുകൊണ്ട് തന്നെ മജ്‌നുമാരെ ഇല്ലാതാക്കാനായി ഒരു ക്യാമ്പയിന്‍ തന്നെ ആരംഭിക്കുമെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം സര്‍ക്കാരിന്റെ ആന്റി മജ്‌നു സ്‌ക്വാഡിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സദാചാരപൊലീസ് ചമയുകയാണെന്നും ഇത്തരം സ്‌ക്വാഡ് കൊണ്ട് ഒരുഗുണവുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ചൗഹാന്‍ പറഞ്ഞു. വിഷയം ഞങ്ങള്‍ പാര്‍ലമെന്റിലെ മണ്‍സൂണ്‍ സെഷനില്‍ ്അവതരിപ്പിക്കും. ബില്‍ പാസായാല്‍ അത് പ്രസിഡന്റിന് അയക്കുമെന്നും ചൗഹാന്‍ പറയുന്നു.

സ്ത്രീശാക്തീകരണത്തിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും സംസ്ഥാനത്തെ പൊലീസ് സേനയില്‍ കൂടുല്‍ അവസരം സ്ത്രീകള്‍ക്ക് നല്‍കുമെന്നും ചൗഹാന്‍ പറയുന്നു.

യു.പിയില്‍ സ്ത്രീ സുരക്ഷെന്ന പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ആന്റി റോമിയോ സ്‌ക്വാഡ് വന്‍വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനും സ്ത്രീക്കും ഒന്നിച്ചുനില്‍ക്കാന്‍ പോലും അവിടെ അവകാശമില്ലെന്നും ഒരുമിച്ച് നില്‍ക്കുന്ന സ്ത്രീയേയും പുരുഷനേയും സ്‌ക്വാഡ് അംഗങ്ങളെന്ന് പറഞ്ഞെത്തുന്ന പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്നുമുള്ള ആരോപണം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.