മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പി മോഡല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം മഹാരാഷ്ട്രയിലും കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള സഖ്യ ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ചെറുപാര്‍ട്ടികളെ ബി.ജെ.പിയ്‌ക്കെതിരെ അണിനിരത്താനൊരുങ്ങി കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തുവന്നിരിക്കുന്നത്.
എന്‍.സി.പി നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി അശോക് ചവാന്‍ എന്നിവരാണ് മഹാസഖ്യത്തിന് ചരടുവലി നടത്തിയത്. ബി.ജെ.പിയ്‌ക്കെതിരെ ചെറുവോട്ട് ബാങ്കുള്ള പാര്‍ട്ടികളെ വരെ ഉള്‍പ്പെടുത്തി സഖ്യം രൂപീകരിക്കാനാണ് ശ്രമം.
Also Read:“നൈസ് ടു മീറ്റ് യു മിസ്റ്റര്‍ പ്രസിഡണ്ട്”; കൂടിക്കാഴ്ചയ്ക്കു മുന്‍പ് ട്രംപ്- ഉന്‍ സൗഹൃദസംഭാഷണം
ബി.ജെ.പി വിരുദ്ധ ചേരിയുടെ ഭാഗമായിരിക്കുമെന്ന് മഹാരാഷ്ട്രയിലെ സ്വാഭിമാന്‍ ശേഖരി സംഘതാന ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുജന്‍ വികാസ് അംഗാടി, പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
“സമാനചിന്താഗതിയുള്ള മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. വോട്ട് വിഭജിച്ചു പോകുന്നത് തടയണം. മതേതര വോട്ടുകള്‍ വിഭജിച്ചുപോയാല്‍ ബി.ജെ.പിയ്ക്കാവും അത് ഗുണം ചെയ്യുക. ആ സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.” ചവാന്‍ പറഞ്ഞു.
നിയമസഭാ, പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനാണ് സഖ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. “യു.പിയ്ക്കുശേഷം രണ്ടാമത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്‌സഭാ സീറ്റുകളുണ്ടിവിടെ. യു.പിയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് തിരിച്ചടി ലഭിച്ചാല്‍ അവര്‍ക്ക് അധികാരത്തിലെത്തുക ബുദ്ധിമുട്ടാവും.” കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.