ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്താന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബി.ജെ.പി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ല. അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്- ചൗഹാന്‍ പറഞ്ഞു.
നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടറും ലൗ ജിഹാദിനെ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞത്.
തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ഫരീദാബാദില്‍ കോളെജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കില്ല- ഖട്ടര്‍ പറഞ്ഞു.
നേരത്തെ ഹരിയാന ആഭ്യന്തര മന്ത്രിയായ അനില്‍ വിജ് ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തണമെന്നാവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്ന് വിജ് പറഞ്ഞിരുന്നു.
സമാനമായി ലൗ ജിഹാദിനെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു യോഗിയുടെ പ്രസ്താവന.
‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.’ ലൗ ജിഹാദ്’ തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ ആദിത്യ നാഥ് പറഞ്ഞു. ജൗന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു യോഗിയുടെ പരാമര്‍ശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക