| Wednesday, 30th May 2018, 12:04 pm

യു.പിയിലെ മറ്റൊരു ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെയും ബലാത്സംഗ ആരോപണം: നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: ഉന്നാവോയ്ക്ക് പിന്നാലെ യു.പിയില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി എം.എല്‍.എയ്ക്കെതിരെയും ബലാത്സംഗ ആരോപണം. ബദൗന്‍ ജില്ലയിലെ ബിസോലിയില്‍ നിന്നുള്ള എം.എല്‍.എയായ കുശാഗ്ര സാഗറിനെതിരെയാണ് യുവതി ബറേലി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്.

വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ കാലയളവില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും, നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി പറയുന്നു.

“ആദ്യതവണ എന്നെ ബലാത്സംഗം ചെയ്തപ്പോള്‍ പ്രായപൂര്‍ത്തിയായാല്‍ സാഗര്‍ എന്നെ വിവാഹം കഴിക്കുമെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗേന്ദ്ര സാഗര്‍ (മുന്‍ എം.എല്‍.എ) ഉറപ്പുനല്‍കിയിരുന്നു.” പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയുമായി എം.എല്‍.എയുടെ വിവാഹം ഉറപ്പിക്കുകയാണുണ്ടായതെന്നും പെണ്‍കുട്ടി പറയുന്നു.


Also Read:‘ഇത് വായിക്കുന്ന ആരെങ്കിലും നീനുവിന്റെ ദുഖത്തില്‍ ഞാന്‍ കൂടെയുണ്ടെന്ന് അറിയിക്കണം’ ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍ സംസാരിക്കുന്നു


“എനിക്ക് ഫോണ്‍വഴി ഭീഷണികോളുകള്‍ വരുന്നുണ്ട്. സമൂഹത്തില്‍ ഞാന്‍ അപഹാസ്യയായി മാറിക്കഴിഞ്ഞു. അയാള്‍ നല്‍കിയ വിവാഹവാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇത്രയും നാള്‍ പിടിച്ചുനിന്നത്. വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും- പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

ജൂണ്‍ 17നാണ് എം.എല്‍.എയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അത് നടക്കാന്‍ താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ പെണ്‍കുട്ടി അയാള്‍ തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

ഉന്നാവോ വിഷയത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് അറസ്റ്റു ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ബി.ജെ.പി എം.എല്‍.എയ്ക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും, വേണ്ട നടപടികള്‍ ഉടനെതന്നെ കൈക്കൊള്ളുമെന്നും ബറേലി എസ്.എസ്.പി കലാനിധി നൈഥാനി പറഞ്ഞു. സര്‍ക്കിള്‍ ഓഫിസര്‍ നിധി ദ്വിവേദിക്കാണ് അന്വേഷണച്ചുമതല.

എന്നാല്‍, തന്റെ പിതാവിന്റെ രാഷ്ട്രീയജീവിതം നശിപ്പിച്ചവര്‍ തന്നെയാണ് തന്നെ താറടിച്ചുകാണിക്കുന്നതിനായി ഇപ്പോള്‍ ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നാണ് കുശാഗ്ര സാഗറിന്റെ പ്രതികരണം. സാഗറിന്റെ പിതാവും മുന്‍ ബി.എസ്.പി എം.എല്‍.എയുമായ യോഗേന്ദ്ര.സാഗര്‍ മുന്‍പ് ലൈംഗികപീഡനക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

കുശാഗ്ര സാഗറിന്റെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിക്കാരി. പരാതി പിന്‍വലിക്കാനായി സാഗര്‍ പെണ്‍കുട്ടിക്ക് ഇരുപതു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more