മുംബൈ: ബാബരി മസ്ജിദ് വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സഖ്യകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി.
ഉദ്ദവിന്റെ പ്രസ്താവന തങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്നും അതിനാല്‍ മന്ത്രിസഭയിലെ എല്ലാ മുസ്‌ലിം മതവിശ്വാസികളായ മന്ത്രിമാരും ഉടന്‍ രാജിവെയ്ക്കണമെന്നും എസ്.പി നേതാവും എം.എല്‍.എയുമായ അബു അസിം ആസ്മി പറഞ്ഞു.
‘ഈ സര്‍ക്കാര്‍ മതേതരത്വം പിന്തുടരുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് ഉദ്ദവ് മറന്നുപോയി. ബാബരി മസ്ജിദ് തകര്‍ക്കുക തുടങ്ങിയ ക്രിമിനല്‍ പശ്ചാത്തലമുള്ള വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പൗരത്വ ഭേദഗതി ബില്‍, മുസ്‌ലിം സംവരണം എന്നതിനെപ്പറ്റി മന്ത്രിസഭയില്‍ ആരും മിണ്ടുന്നില്ല’, അബു അസീം പറഞ്ഞു.
ബുധനാഴ്ച നടത്തിയ സംസ്ഥാന നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു ബാബരി മസ്ജിദ് വിഷയം ഉദ്ദവ് പരാമര്‍ശിച്ചത്. മസ്ജിദ് തകര്‍ത്തതിന് ശേഷം എല്ലാവരും ഓടിയൊളിച്ചെന്നും എന്നാല്‍ ശിവസേന സ്ഥാപകനേതാവായ ബാല്‍സാഹേബ് താക്കറെ മസ്ജിദ് പൊളിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി മുന്നോട്ടുവന്നിരുന്നു. ശിവസേനാംഗങ്ങള്‍ ആയിരുന്നു മസ്ജിദ് തകര്‍ക്കലിന് പിന്നിലെങ്കില്‍ താന്‍ സന്തോഷിച്ചേനെയെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നതായി ഉദ്ദവ് പറഞ്ഞു.
അതേസമയം ശിവസേനയും ആര്‍.എസ്.എസും സ്വാതന്ത്രസമരത്തിന്റെ ഭാഗമായിട്ടില്ലെന്നും ഉദ്ദവ് പറഞ്ഞിരുന്നു.
‘ശിവസേനയെ പോലെ തന്നെ ആര്‍.എസ്.എസും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടില്ല. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചതുകൊണ്ട് മാത്രം നിങ്ങള്‍(ബി.ജെ.പി) രാജ്യസ്നേഹികളാകില്ല’, എന്നായിരുന്നു ഉദ്ദവിന്റെ പ്രസ്താവന.
ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെയും ഉദ്ദവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പേര് മാറ്റി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയതു കൊണ്ട് ഇനി അവിടെ നടക്കുന്ന ക്രിക്കറ്റ് മാച്ചുകളില്‍ ഇന്ത്യ പരാജയപ്പെടില്ലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഫെബ്രുവരി 24നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: After Uddhav’s Babri demolition comment, SP’s Abu Azmi asks Muslim ministers to resign