ദോഹ: എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ അമേരിക്കയുമായി യു.എ.ഇ ധാരണയായതിനു പിന്നാലെ ഖത്തറും സമാനമായ നീക്കം നടത്തുന്നു. എഫ്-35 ജെറ്റുകള്‍ക്കായി ഖത്തര്‍ അമേരിക്കയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവര പ്രകാരം എഫ്-35 ജെറ്റ് വാങ്ങാനുള്ള അപേക്ഷ ഖത്തര്‍ യു.എസിനു സമര്‍പ്പിച്ചിട്ടുണ്ട്. വാര്‍ത്തകളോട് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇസ്രഈലുമായി സമാധാന കരാറിനു ധാരണയായതിനു തൊട്ടു പിന്നാലെയായിരുന്നു യു.എ.ഇയുടെ നീക്കം.
എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഇസ്രഈല്‍ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. അള്‍ട്രാ അഡ്വാന്‍സ്ഡ് ജെറ്റ് ഫൈറ്റേഴ്സ് യു.എ.ഇ വാങ്ങുന്നത് മേഖലയിലെ സൈനിക തലത്തില്‍ ഇസ്രഈലിനുള്ള മേല്‍ക്കോയ്മയ്ക്ക് തിരിച്ചടിയാവുമെന്ന് ഇസ്രഈല്‍ ഭയക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 നെ കണക്കാക്കുന്നത്. ഇസ്രഈലിന് 16 എഫ്-35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
ഇസ്രഈലിന് 16 എഫ്-35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ നിലവില്‍ ഇസ്രഈലിന് മാത്രമാണ് ഈ യുദ്ധ വിമാനം വാങ്ങാനായത്.
അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരം മേഖലയില്‍ ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്. ഇതാണ് അറബ് രാജ്യങ്ങള്‍ക്ക് ഈ യുദ്ധവിമാനം സ്വന്തമാക്കുന്നതിലെ തടസ്സം.