| Saturday, 15th August 2020, 10:02 am

ആ രാജ്യം ബഹ്‌റിന്‍; സൂചനകളുമായി ഇസ്രഈല്‍, യു.എ.ഇക്കു പിന്നാലെ അടുത്ത ഗള്‍ഫ് രാജ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്രഈല്‍-യു.എ.ഇ അനുനയത്തിന് ധാരണയായതിനു പിന്നാലെ ഇസ്രഈലുമായി അടുക്കുന്ന അടുത്ത ഗള്‍ഫ് രാജ്യം ബഹ്‌റിനാണെന്ന് വാദം ശക്തിപ്പെടുന്നു. പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രഈല്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രഈല്‍ ചാനലായ കാനിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. അതേസമയം ബഹ്‌റിന്‍ ഇസ്രഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്നതെപ്പോഴാണെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
യു.എ.ഇ- ഇസ്രഈല്‍ അനുനയം സാധ്യമായതിനു പിന്നാലെ ഇക്കാര്യത്തില്‍ അഭിനന്ദനമറിയിച്ച ആദ്യ ഗള്‍ഫ് രാജ്യമായിരുന്നു ബഹ്‌റിന്‍.

ഒരു അറബ് രാജ്യം കൂടി ഇസ്രഈലുമായ ബന്ധം സ്ഥാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരേദ് കുഷ്‌നര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ രാജ്യമേതാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇതിനിടെ ഒമാനും ബഹ്റിനും ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നെന്നാണ് പേരു വെളിപ്പെടുത്താത്ത യു.എസിലെ ഒരു ഉദ്യോഗസ്ഥന്‍ അല്‍ ഖുദ്സ് പത്രത്തോട് അറിയിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവയില്‍ ഒരു രാജ്യത്തിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല. അതേ സമയം ഇതിന്റെ സൂചന ട്രംപ് നല്‍കിയിരുന്നു.

‘ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് പറയാന്‍ കഴിയില്ല,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. യു.എ.ഇ-ഇസ്രഈല്‍ ധാരണയ്ക്ക് പിന്നാലെ അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍, സുരക്ഷ, ടെലി കമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പു വെക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more