വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്ത രണ്ടാം വര്‍ഷത്തില്‍ കാമ്പയിനുമായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ യു.എന്‍ എഡുക്കേഷന്‍ കെനോട്ട് വെയ്റ്റിന്റെ (U.N EDUCATION CANNOT WAIT) ഭാഗമായി ഇന്നലെയാണ് കാമ്പയിന്‍ ആരംഭിച്ചത്. അഫ്ഗാന്‍ ഗേള്‍സ് വോയ്‌സസ് എന്ന മുദ്രാവാക്യത്തോടെ എല്ലാ അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ബഹുമാനിക്കണമെന്ന ആഹ്വാനമാണ് കാമ്പയിനിലൂടെ നല്‍കുന്നത്.
ഇതുവരെ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും പഠനം തുടരുന്നതിന് വേണ്ടി അഫ്ഗാന്‍ വിട്ട് പോയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ അധികാരത്തോടെ ഇതുവരെ 1.1 മില്യണ്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് താലിബാന്‍ വിലക്കിയത്.
‘ഈ കാമ്പയിന്‍ ഒരിക്കല്‍ കൂടി ലോകത്തിന്റെ ശ്രദ്ധ അഫ്ഗാനിലെ പെണ്‍കുട്ടികളിലേക്കും അവരുടെ വിദ്യാഭ്യാസത്തിലേക്കും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ്. അഫ്ഗാനിസ്ഥാന്‍ എല്ലാവരാലും മറന്നുപോയിരിക്കുന്നു,’
സ്ത്രീകള്‍ക്ക് തുല്യ അവസരവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടോ എന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്,’
പഠനം തുടരാന്‍ വേണ്ടി അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്ത എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി സൊമയ ഫറൂഖി എഫ്.പിയോട് പറഞ്ഞു. യു.എന്‍ കാംപയിന്റെ പ്രധാന മുഖമാണ് ഇപ്പോള്‍ ഫറൂഖി. നിലവില്‍ ഖത്തറിന്റെ സ്‌കോളര്‍ഷിപ്പില്‍ കാലിഫോര്‍ണിയയിലെ സക്രമെന്റോ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയാണ് ഫറൂഖി.
‘പൊതു ഇടങ്ങളില്‍ നിന്നെല്ലാം സ്ത്രീകളെയും പെണ്‍കുട്ടികളെയും വിലക്കുകയാണ്. സ്‌കൂളുകളിലും, ജിമ്മുകളിലും, പാര്‍ക്കുകളിലുമൊന്നും സ്ത്രീകള്‍ക്ക് പ്രവേശനമില്ല. വീട്ടില്‍ തന്നെ ഇരിക്കണം. പെണ്‍കുട്ടികളെ വിവാഹിതരാക്കുക മാത്രമാണ് നിരവധി കുടുംബങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴി. അവരുടെ സമ്മതം പോലുമില്ലാതെയാണ് വിവാഹം ചെയ്യുന്നത്.
പെണ്‍കുട്ടികളില്‍ വിഷാദരോഗം വ്യാപകമായുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു,’ ഫറൂഖി പറഞ്ഞു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ താലിബാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള സാധാരണ ബന്ധങ്ങള്‍ക്ക് തടസമുണ്ടാകുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി കണക്കാക്കണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നും ആഗോള വിദ്യാഭ്യാസത്തിനായുള്ള യു.എന്‍ പ്രത്യേക പ്രതിനിധിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഗോര്‍ഡണ്‍ ബ്രൗണ്‍ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥയാണ് ആഗോളതലത്തില്‍ ഏറ്റവും മോശമെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
CONTENT HIGHLIGHTS: After two years of Taliban rule in Afghanistan; UN Campaign for Education Studies