ന്യൂദല്‍ഹി: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. റുഷ്ദി എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തില്‍ പറയുന്നു.
വ്യാഴാഴ്ചയായിരുന്നു വിഷയത്തിലെ ഇന്ത്യയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്.
”അക്രമത്തിനും തീവ്രവാദത്തിനുമെതിരെ ഇന്ത്യ എന്നും നിലകൊണ്ടിട്ടുണ്ട്. സല്‍മാന്‍ റുഷ്ദിക്കെതിരായ ഭീകരമായ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു.
അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,” കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
റുഷ്ദിക്കെതിരായ ആക്രമണം നടന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണം വരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12നായിരുന്നു അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കാനിരിക്കുകയായിരുന്ന റുഷ്ദിയെ ഹാദി മറ്റാര്‍ എന്ന 24കാരനാണ് ആക്രമിച്ചത്.
റുഷ്ദിക്ക് നേരെ പാഞ്ഞടുത്ത ഇയാള്‍ അദ്ദേഹത്തെ ഇടിക്കുകയും കത്തികൊണ്ട് ശക്തിയായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമായിരുന്നു റുഷ്ദിക്ക് പരിക്കേറ്റത്. കഴുത്തിന് മൂന്ന് കുത്തും വയറിന് നാല് കുത്തുമായിരുന്നു ഏറ്റത്.
കരളിനും സാരമായി പരിക്കേറ്റിരുന്നു. തുടക്കത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച റുഷ്ദി ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.
സാത്താനിക വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് പിന്നാലെ സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികളുണ്ടായിരുന്നു. ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാനടക്കമുള്ള രാജ്യങ്ങള്‍ പുസ്തകം നിരോധിച്ചിരുന്നു.
ഇറാനില്‍ റുഷ്ദിക്ക് നേരെ ഫത്വയും ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം റുഷ്ദിക്കെതിരെ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: After two weeks, India reacts for the first time on the attack against writer Salman Rushdie